ചെയര്‍മാന്‍ അച്ചടക്കം
ലംഘിച്ചതായി കെപിസിസി



ചാലക്കുടി നഗരസഭാ ചെയർമാൻ വി ഒ പൈലപ്പൻ ഗുരുതരമായ  അച്ചടക്ക ലംഘനമാണ് നടത്തുന്നതെന്ന് കെപിസിസി. സംഘടനാ സെക്രട്ടറി ടി യു രാധാകൃഷ്ണൻ പൈലപ്പന് നൽകിയ കത്തിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 24മണിക്കൂറിനുള്ളിൽ രാജി വയ്ക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. ബുധൻ വൈകിട്ട് അഞ്ചോടെയാണ് കത്ത് നൽകിയത്. കരാർ പ്രകാരം 28ന് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയും രേഖാമൂലം അറിയിക്കുകയും ചെയ്തതാണ്. എന്നാൽ ഇതുവരെ ചെയർമാൻ രാജിവച്ചിട്ടില്ല. ഇത്‌ പാലിക്കാതെ മുന്നോട്ട് പോകാനുള്ള തീരുമാനം സ്വീകരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനവും പാർടി വിരുദ്ധ നിലപാടുമാണ്.  24മണിക്കൂറിനുള്ളിൽ കെപിസിസി ക്ക് നിലപാട് അറിയിക്കണമെന്നും അല്ലാത്തപക്ഷം തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ്  കത്തിൽ പറയുന്നത്. ആറുമാസം കൂടിചെയർമാൻസ്ഥാനം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ചെയർമാൻ 12 കൗൺസിലർമാർ ഒപ്പിട്ട കത്തുമായി കഴിഞ്ഞ ദിവസം രാത്രി കെപിസിസി പ്രസിഡന്റിനെ കണ്ണൂരിലെത്തി കണ്ടതായും പറയുന്നു. എന്നാൽ, രാജിവയ്‌ക്കണമെന്ന താക്കീതാണ് ലഭിച്ചതത്രെ. രാജിവച്ചില്ലെങ്കിൽ തിങ്കളാഴ്‌ച നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതോടെ നേതൃത്വത്തിന് കീഴടങ്ങുകയല്ലാതെ മറ്റ് നിർവാഹമില്ലെന്ന അവസ്ഥയിലാണ് ചെയർമാൻ. ചെയർമാന്റെ രാജി സംബന്ധിച്ച തർക്കം രൂക്ഷമായതോടെ ചാലക്കുടി നഗരസഭാ ഭരണം വീണ്ടും അവതാളത്തിലായി. ഭരണപക്ഷത്ത് മൂന്ന് ഗ്രൂപ്പായി ചേരിതിരിഞ്ഞുള്ള തർക്കമാണ് ഇപ്പോൾ. ചെയർമാൻ വിഭാഗത്തിനു പുറമെ അടുത്ത ചെയർമാൻസ്ഥാനത്തേക്കുള്ള എബി ജോർജ്‌ വിഭാഗവും ഷിബു വാലപ്പന്റെ വിഭാഗവും തമ്മിലുള്ള പോരുമുറുകി. ഭരണത്തെത്തി ഒന്നര വർഷം പിന്നിടുമ്പോൾ എടുത്തുപറയാനുള്ള ഒരു വികസനവും നടപ്പാക്കാൻ  കഴിഞ്ഞിട്ടില്ല. കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നിർമാണം പൂർത്തീകരിച്ച ടൗൺ ഹാൾ, നോർത്ത് ബസ് സ്റ്റാൻഡ്‌, കലാഭവൻ മണി സ്മാരക പാർക്ക് എന്നിവ തന്റെ നേട്ടമാണെന്ന് കാണിക്കാനുള്ള വിഫല ശ്രമം മാത്രമാണ് ഇക്കാലയളവിലുണ്ടായത്. Read on deshabhimani.com

Related News