25,100 കുരുന്നുകൾ 
ഇന്നെത്തും അക്ഷരമുറ്റത്ത്‌



തൃശൂർ  അവധിക്കാലത്തോട്‌ വിടപറഞ്ഞ്‌ പുത്തൻ യൂണിഫോമണിഞ്ഞ്‌ ബാഗും കുടയുമായി  കുരുന്നുകൾ ഇന്നെത്തും അക്ഷരമുറ്റത്ത്‌. ജില്ലയിൽ 25,100 കുരുന്നുകളാണ്‌ ഒന്നാം ക്ലാസിലേക്ക്‌ പ്രവേശനം നേടിയിട്ടുള്ളത്‌.സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ മാത്രം 21,370  വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശനം നേടിയത്.  സര്‍ക്കാര്‍ സ്‌കൂളുകളില്‍ 5270 ഉം, എയ്ഡഡ് സ്‌കൂളുകളില്‍ 16,100 ഉം കുട്ടികളെത്തും. സ്വകാര്യ സ്‌കൂളുകളില്‍ 3730 കുട്ടികളാണ്  പ്രവേശനം നേടിയത്.വ്യാഴാഴ്‌ച ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടക്കും.  പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം സ്‌കൂളുകളിൽ പൂർത്തിയായി. ഈ വർഷത്തെ തൃശൂർ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം എസ്‌എംടി ജിഎച്ച്‌എസ്‌എസ്‌ ചേലക്കരയിൽ മന്ത്രി കെ രാധാകൃഷ്‌ണൻ നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു എന്നിവർ മുഖ്യാതിഥിയാകും. ‌ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്‌ അധ്യക്ഷനാകും. ‌ജിഎൽപിഎസ്‌ ചേലക്കരയുടെ പുതിയ സ്‌കൂൾ കെട്ടിടവും പ്രവേശനോത്സവ ദിവസം ഉദ്ഘാടനം ചെയ്യും. ഉപജില്ലാ തലത്തിലും ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത്,  86 പഞ്ചായത്ത്, ഏഴ്‌ നഗരസഭകൾ, കോർപറേഷൻ എന്നിവിടങ്ങളിലെ ആയിരത്തോളം വിദ്യാലയങ്ങളിലും വിപുലമായി പ്രവേശനോത്സവം നടക്കും. പുതിയ അധ്യയനവർഷം തുടങ്ങുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങൾ ശുചീകരിച്ചു.  പുതിയ അധ്യയന വർഷത്തെ ഒന്നാം വാള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. യൂണിഫോം വിതരണവും അന്തിമഘട്ടത്തിലാണ്‌. സമഗ്ര വിദ്യാഭ്യാസ പരിപാടി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ വിദ്യാഭ്യാസ സംവിധാനം. Read on deshabhimani.com

Related News