ജില്ലയിലെ എംപിമാർ തികഞ്ഞ പരാജയം : എൽഡിഎഫ്‌



തൃശൂർ ജില്ലയിലെ എംപിമാർ വികസന കാര്യങ്ങളിൽ തികഞ്ഞ ഉദാസീനത പുലർത്തുന്നുവെന്ന്‌ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ വി അബ്‌ദുൾ ഖാദർ. ജില്ലയുടെ സമഗ്ര വികസനത്തിനുതകുന്ന ഒരു കേന്ദ്ര പദ്ധതിപോലും കഴിഞ്ഞ നാലു വർഷമായി പ്രാവർത്തികമാക്കാൻ   എംപിമാർക്ക് കഴിഞ്ഞിട്ടില്ല. തൃശൂർ, ആലത്തൂർ, ചാലക്കുടി മണ്ഡലങ്ങളിലെ എംപിമാർ തികഞ്ഞ പരാജയമാണ്. തീര പ്രദേശങ്ങളിൽ  വർഷകാലത്ത് കടൽക്ഷോഭവും അനുബന്ധപ്രശ്നങ്ങളും നേരിടാൻ കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്ന് ഒരുരൂപ പോലും നേടിയെടുക്കാൻ ഇവർക്ക്‌ കഴിഞ്ഞിട്ടില്ല. വന–-വനേതര  പ്രദേശങ്ങളിലെ വികസന പ്രശ്നങ്ങളിലും റെയിൽവേ വികസനത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണ്‌ തുടരുന്നത്‌. ഗുരുവായൂർ–-തിരുന്നാവായ പാതയുടെ കാര്യം ലോക്‌സഭയിൽ ഉന്നയിക്കപ്പെട്ടിട്ടില്ല. ദേശീയപാത സ്ഥലമെടുപ്പിനെതിരെ കുത്തിത്തിരിപ്പ് നടത്തിയതല്ലാതെ റെയിൽവേ വികസനത്തിന് ഒന്നും ചെയ്യാൻ  തൃശൂർ എംപി തയ്യാറായിട്ടില്ല.  ആലത്തൂരിലെ എംപി കഴിഞ്ഞ നാലുവർഷം മണ്ഡലത്തിനുവേണ്ടി എന്തുചെയ്തു എന്നതിന്‌ ഒരു മറുപടിയും നൽകാനില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച്‌ കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജില്ലയിലെ എംപിമാർ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന ചോദ്യവും  അബ്ദുൾഖാദർ ഉന്നയിച്ചു. Read on deshabhimani.com

Related News