അതിഥിത്തൊഴിലാളികൾക്ക് സുരക്ഷയേകി പെരിഞ്ഞനം



കൊടുങ്ങല്ലൂർ നൂറ്റമ്പത്‌ അതിഥിത്തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കി പെരിഞ്ഞനം പഞ്ചായത്ത്. ആദ്യഘട്ടത്തിൽ ഇവർക്ക് ഭക്ഷണവും മറ്റു ഭക്ഷ്യധാന്യകിറ്റുകളും വിതരണം ചെയ്യുകയാണ് ചെയ്തത്. തുടർന്ന് പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിൽ ഇവർക്കായുള്ള താമസ സൗകര്യം ഒരുക്കി നൽകാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പതിനാല് കുടുംബങ്ങളുടെ  സുരക്ഷയാണ്‌  പഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കുന്നത്. അതിഥിത്തൊഴിലാളികൾക്ക് അവരവരുടെ നാട്ടിലെ ഭക്ഷണരീതിക്കനുസരിച്ചുള്ള മുഴുവൻ സാധനങ്ങളുമാണ് വാങ്ങി നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത് പറഞ്ഞു.  പഞ്ചായത്തിന്റെ സാമൂഹ്യ കിച്ചണിൽനിന്ന് 224 പേർക്കാണ് മൂന്നു നേരം വീതം ഭക്ഷണം നൽകി വരുന്നത്. കുടുംബമായി വീടുകളിൽ താമസിക്കുന്ന ചില അതിഥിത്തൊഴിലാളികളും ഇതിൽ ഉൾപ്പെടുന്നു. സഹകരണബാങ്ക്, സ്വകാര്യ വ്യക്തികൾ എന്നിവർ മുഖേന കമ്യൂണിറ്റി കിച്ചൻ നല്ല രീതിയിൽ നടക്കുന്നതിന് സഹായം നൽകുന്നത്. 93 സന്നദ്ധപ്രവർത്തകർ മുഖേനയാണ് ഭക്ഷണം മൂന്നുനേരം വീടുകളിലെത്തിച്ചു നൽകുന്നത്. സാമൂഹ്യ പെൻഷൻ എല്ലാ വീടുകളിലും എത്തിച്ചു കഴിഞ്ഞു. അതിഥിത്തൊഴിലാളികളുടേതടക്കം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികളും ആരോഗ്യവകുപ്പ് മുഖേന നടപ്പാക്കുന്നു. Read on deshabhimani.com

Related News