ദുരൂഹതകളുടെ തുടക്കം ഡ്രൈവറുടെ മൊഴിമാറ്റത്തിൽ



തിരുവനന്തപുരം ബാലഭാസ്‌കറിന്റെ മരണത്തിൽ ആദ്യം ദുരൂഹത ഉയരുന്നത്‌ ഡ്രൈവർ അർജുൻ മൊഴിമാറ്റിയതോടെ. 2018 സെപ്‌തംബർ 25ന്‌ കഴക്കൂട്ടം പള്ളിപ്പുറത്ത്‌‌‌ അപകടം നടക്കുമ്പോൾ ഇയാളും ‌കാറിലുണ്ടായിരുന്നു. വാഹനം ഓടിച്ചിരുന്നത്‌ താനായിരുന്നു എന്നാണ്‌ ഇയാൾ ആദ്യം പറഞ്ഞത്‌. ബാലഭാസ്‌കർ മരിച്ചതോടെ ഓടിച്ചത്‌ ബാലഭാസ്‌കർ ആണെന്ന് തിരുത്തി. എന്നാൽ, ബോധം തെളിഞ്ഞപ്പോൾ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മിയും അർജുനാണ്‌ വാഹനമോടിച്ചതെന്ന്‌ മൊഴി നൽകി. താനും മകളും മുൻസീറ്റിലും ബാലഭാസ്‌കർ പിൻസീറ്റിലായിരുന്നെന്നും ഇവർ മൊഴിനൽകി.ക്രൈംബ്രാഞ്ചിനു മുന്നിൽ അർജുൻ വീണ്ടും മലക്കംമറിഞ്ഞു. വാഹനം ഓടിച്ചത്‌ ആരെന്ന്‌ ഓർമയില്ലെന്നും മൊഴി തിരുത്തി. എന്നാൽ, ഫോറൻസിക്‌ ടെസ്റ്റിലും വാഹനമിടിപ്പിച്ച്‌ നടത്തിയ ടെസ്‌റ്റിലും അർജുൻതന്നെ ഓടിച്ചതെന്ന്‌ തെളിഞ്ഞു. അപകടസമയത്ത്‌ രക്ഷാ പ്രവർത്തനം നടത്തിയ നന്ദു എന്ന യുവാവും ഡ്രൈവിങ്‌ സീറ്റിൽ അർജുനെ കണ്ടതായി മൊഴി നൽകി. ബാലഭാസ്‌കറുമായി അടുപ്പം പുലർത്തിയിരുന്ന പാലക്കാട്ടെ കുടുംബവുമായി ബന്ധപ്പെട്ടും ദുരൂഹത ഉയർന്നു. ബാലഭാസ്‌കറുമായി കുടുംബത്തിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.  സത്യം തെളിയട്ടെ: ലക്ഷ്‌മി ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നിലെ സത്യം സിബിഐ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്ന്‌ ഭാര്യ ലക്ഷ്‌മി. ദുരൂഹതകൾ എല്ലാം മാറണമെന്നും ലക്ഷ്‌മി പറഞ്ഞു. മരണത്തെക്കുറിച്ച്‌ ആദ്യമേ ചില സംശയങ്ങളുണ്ടായിരുന്നതായി ബാലഭാസ്‌കറിന്റെ അച്ഛൻ കെ സി ഉണ്ണി പറഞ്ഞു. ബാലഭാസ്‌കർ ചികിത്സയിൽ കഴിഞ്ഞപ്പോൾ താനടക്കമുള്ള കുടുംബാംഗങ്ങളെ ബോധപൂർവം മാറ്റിനിർത്താൻ ശ്രമം നടന്നു.  സിബിഐ അന്വേഷണത്തിൽ യാഥാർഥ്യം പുറത്തുവരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഉണ്ണി പറഞ്ഞു. Read on deshabhimani.com

Related News