അധ്യാപകസംഘടനയുടെ സമരം 
പ്രഹസനമെന്ന് അധ്യക്ഷ



ആറ്റിങ്ങൽ കെപിഎസ്ടിഎ ആറ്റിങ്ങൽ നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിയ സമരം ജാള്യം മറയ്ക്കാനുള്ള പ്രഹസനമെന്ന് അധ്യക്ഷ എസ് കുമാരി. അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കിഫ്ബി ഫണ്ടിൽ നിർമിച്ച ബഹുനില മന്ദിരത്തിന് ഫിറ്റ്നസ് ലഭിച്ചില്ല എന്നാരോപിച്ചാണ് കോൺഗ്രസ്‌ അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധിച്ചത്‌.  എന്നാൽ, ഇത് വെറും നാടകം മാത്രമാണെന്ന് എസ് കുമാരി പറഞ്ഞു.  കിഫ്ബിക്ക് നിർമാണ ചുമതലയുണ്ടായിരുന്ന കെട്ടിടത്തിന്റെ പണി പൂർത്തിയായപ്പോൾ രണ്ടാമതൊരു കോണിപ്പടികൂടി വേണമെന്ന നഗരസഭാ പൊതുമരാമത്ത് വിഭാഗം റിപ്പോർട്ട്‌ നൽകി. തുടർന്ന് നടത്തിയ ഇടപെടലുകൾക്ക് ഒടുവിൽ ചെയർപേഴ്സണും പിടിഎ പ്രസിഡന്റ് ടി എൽ പ്രഭനും കൗൺസിലർ രാജഗോപാലൻ പോറ്റിയും 28ന് കിഫ്ബി അധികൃതരുമായി കൂടിക്കാഴ്ച നടത്തി.  പൂജപ്പുരയിലെ കൈറ്റ് ഏജൻസിയിലെത്തി ചീഫ് എൻജിനിയറുമായും ചർച്ച നടത്തി.  ചർച്ചയ്‌ക്കൊടുവിൽ അനുകൂല ഉത്തരവുമായി ചെയർപേഴ്സണും സംഘവും തിരികെ എത്തി. തൊട്ടടുത്ത ദിവസം ഈ വിശദീകരണ പകർപ്പുസഹിതം നഗരസഭാ ഓഫീസിൽ അപേക്ഷ നൽകി. ഈ വിവരമറിഞ്ഞ ഒരുകൂട്ടം കെപിഎസ്ടിഎ അനുകൂലികളാണ് കേവല രാഷ്ട്രീയലാഭത്തിനുവേണ്ടി പ്രതിഷേധ നാടകവുമായെത്തിയത്. ഇതേ സംഘടനയുടെ നേതാവുകൂടിയാണ് സ്കൂളിലെ  പ്രധാന അധ്യാപകൻ. കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാനുള്ള അന്തിമ തീരുമാനങ്ങളടങ്ങിയ രേഖകൾ ഇദ്ദേഹത്തിന്റെ കൈവശം എത്തിയശേഷമാണ് സമരം ആരംഭിച്ചത്‌. Read on deshabhimani.com

Related News