വിരാലി വിമലഹൃദയ സ്കൂൾ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം വെള്ളിയാഴ്‌ച



പാറശാല വിരാലി വിമലഹൃദയ ഹൈസ്കൂളിന്റെ  ശതാബ്ദി ആഘോഷം വെള്ളി നാലിന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പുനലൂർ രൂപത ബിഷപ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷനാകും.  തെക്കൻ തിരുവിതാംകൂറിലെ ആദ്യ പെൺപള്ളിക്കൂടത്തിനാണ് 100 വയസ്സ്‌ തികയുന്നത്. ത്യാഗോജ്വല പോരാട്ടത്തിലൂടെയും പ്രതിസന്ധികൾ തരണം ചെയ്തും കുളത്തൂർ വിരാലിയിലെ പ്രശസ്തനായ ഇംഗ്ലിഷ്അധ്യാപകനായ  പി തപസിമുത്തു നാടാരാണ് ഒരു നൂറ്റാണ്ട് മുമ്പ് പെൺകുട്ടികൾക്ക്  മാത്രമായി സ്കൂൾ സ്ഥാപിച്ചത്. 1922ൽ വിരാലി എന്ന കൊച്ചുഗ്രാമത്തിൽ സ്ഥാപിച്ച സെന്റ്‌ മേരീസ് ഗേൾസ് സ്കൂൾ കൂടാതെ അക്കാലത്ത് തന്നെ സെന്റ്‌ ജോസഫ്സ് ഇംഗ്ലീഷ് മിഡിൽ സ്കൂളും  സ്ഥാപിച്ചു. വിരാലിയിലെ പ്രശസ്തമായ താഴെ കളിയൽ തറവാട്ടിൽ പത്മനാഭൻ നാടാരുടെയും (പപ്പുനാടാർ ) രാജമ്മയുടെയും മകനായി 1893 ജൂൺ ഏഴിനാണ് തപസിമുത്തുനാടാർ ജനിച്ചത്.  പ്രാകൃതവും നികൃഷ്ടവുമായ ജാതി വ്യവസ്ഥയും ജാതിവിവേചനങ്ങളും കൊടികുത്തി നിന്ന കാലത്ത് ദലിതരും ഗോത്രവർഗക്കാരും മൽസ്യത്തൊഴിലാളികളുമുൾപ്പെടെയുള്ള എല്ലാ അധഃസ്ഥിതർക്കും കൂടി പ്രവേശനം നൽകിയാണ് സ്കൂളുകൾ പ്രവർത്തിച്ചിരുന്നത്. 1996 ൽ സ്കൂളിന്റെ ഉടമസ്ഥാവകാശം കൊല്ലം പട്ടത്താനം ആസ്ഥാനമായുള്ള വിമലഹൃദയ സന്യാസിനി സുഹൃത്തിന് കൈമാറി. തുടർന്നാണ്‌  വിമലഹൃദയ ഹൈസ്ക്കൂൾ എന്ന് പുനർനാമകരണം ചെയ്‌തത്‌.  ശതാബ്ദി ആഘോഷ പരിപാടികളിൽ എംഎൽഎമാർ ജനപ്രതിനിധികൾ, പൂർവ അധ്യാപകർ, പൂർവ വിദ്യാർഥികൾ, സാംസ്കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News