തൊഴിലുറപ്പുമുന്നേറ്റം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കണം



വിതുര  ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം പൂർത്തിയാക്കിയ വിതുര പഞ്ചായത്ത് ഭരണസമിതിയെയും വാർഡ് അംഗത്തെയും അപകീർത്തിപ്പെടുത്താൻ നുണക്കഥയുമായി കോൺഗ്രസ് -–- ബിജെപി സംഘം. തൊഴിലുറപ്പുതൊഴിലാളി സംഗമത്തിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് അനധികൃതമായി പണം ചെലവിട്ടു എന്നത്‌ നുണക്കഥ.    എൽഡിഎഫ് ഭരണസമിതി കൈവരിച്ച നേട്ടം കരിവാരിത്തേക്കാനാണ്‌ ഈ ആരോപണം. മാർച്ച് 26ന് തലത്തൂതക്കാവ് സ്കൂളിൽ അഞ്ഞൂറി-ലേറെ തൊഴിലാളികൾ പങ്കെടുത്ത സംഗമം ജി സ്റ്റീഫൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. 200 തൊഴിൽ ദിനം പൂർത്തിയാക്കിയവരെയും നിർവഹണ ഉദ്യോഗസ്ഥരെയും ആദരിക്കുകയുമുണ്ടായി. ഇതിന്റെ വിജയകരമായ നടത്തിപ്പിൽ വിറളിപൂണ്ട കോൺഗ്രസ്–-- ബിജെപി സഖ്യം രണ്ടു മാസം പിന്നിടുമ്പോഴാണ് വ്യാജ പ്രചാരണവുമായി രംഗത്തെത്തിയത്.    നടപടിക്രമം പാലിച്ചാണ് തുക അനുവദിച്ചതെന്ന് പഞ്ചായത്ത് മിനിറ്റ്‌സും അനുബന്ധ രേഖകളും വ്യക്തമാക്കുന്നു. ആസാദി കാ അമൃത് മഹോത്സവം ക്യാമ്പയിന്റെ ഭാഗമായിരുന്നു പരിപാടി. മാർച്ച് 21ന് എൽഡിഎഫിലെ ഒമ്പതും കോൺഗ്രസിന്റെ അഞ്ചും ബിജെപിയുടെ രണ്ടും അംഗങ്ങൾ പങ്കെടുത്ത ഭരണസമിതി യോഗമാണ് സംഗമം നടത്താൻ തീരുമാനിച്ചത്.   വാർഡ് അംഗവും വൈസ് പ്രസിഡന്റുമായ മഞ്ജുഷ ജി ആനന്ദിന്റെ നേതൃത്വത്തിൽ വാർഡുതല സംഘാടകസമിതി യോഗമാണ്‌ പരിപാടികൾ നിശ്ചയിച്ചത്. കണക്കവതരണവും ചെലവായ തുകയുടെ ചെക്ക് കൈമാറലും ഏപ്രിൽ ഏഴിന് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചേർന്ന ധന  സ്റ്റാൻഡിങ് കമ്മിറ്റിയാണ് പാസാക്കിയത്.    എന്നിരിക്കെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾക്കു പിന്നിലെ താൽപ്പര്യം തിരിച്ചറിയണമെന്നും എൽഡിഎഫ് ഭരണ സമിതിക്കെതിരായ നീക്കം പ്രതിരോധിക്കുമെന്നും എൽഡിഎഫ് നേതാക്കളായ എം എസ് റഷീദ്, വിനീഷ് കുമാർ, എസ് എൻ അനിൽകുമാർ, കല്ലാർ അജിൽ എന്നിവർ പറഞ്ഞു. Read on deshabhimani.com

Related News