വീട്ടിൽ പ്രസവിച്ച അതിഥിത്തൊഴിലാളിക്ക്‌ 
താങ്ങായി "കനിവ്‌'



തിരുവനന്തപുരം വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളിയായ യുവതിക്കും നവജാതശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെഞ്ഞാറമൂട് വലിയകട്ടയ്ക്കൽ താമസിക്കുന്ന അസം സ്വദേശിനി റിന മഹാറാ (30)ണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.  ഞായറാഴ്ച പകൽ മൂന്നോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. ഇതിനിടയിൽ വീട്ടുകാർ സമീപവാസികളെ വിവരം അറിയിച്ചു. ഇവരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്.  കൺട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന്‌ കൈമാറി. ആംബുലൻസ് പൈലറ്റ് ബി സുജിത്തും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വി ആർ വിവേകും സ്ഥലത്തെത്തി.  വിവേക് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. അമ്മയെയും കുഞ്ഞിനെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. Read on deshabhimani.com

Related News