റെയിൽവേ ജോലി തട്ടിപ്പ്:
ശിവസേനാ നേതാവ് റിമാൻഡിൽ



വെഞ്ഞാറമൂട്> റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്‌ത്‌ നിരവധി ഉദ്യോഗാർഥികളിൽനിന്നും ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ ശിവസേനാ നേതാവ് അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽനിന്നും നിലവിൽ പൂവത്തൂർ ചെല്ലാങ്കോട് സുരാജ് ഭവനിൽ താമസിക്കുന്ന സുരാജി(40) നെയാണ് പ്രത്യേക അന്വേഷക സംഘം അറസ്റ്റ്ചെയ്‌തത്‌. വെഞ്ഞാറമൂട്, നെടുമങ്ങാട്, വട്ടപ്പാറ പ്രദേശങ്ങളിലെ ഉദ്യോഗാർഥികളെയാണ്‌ തട്ടിപ്പിന്‌ ഇരയാക്കിയത്‌. ശിവസേനയുടെ നെടുമങ്ങാട് മണ്ഡലം മുൻ പ്രസിഡന്റാണ്‌.  2010, 2015 വർഷങ്ങളിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ  കല്ലുവരമ്പ്, കുശർക്കോട് വാർഡുകളിൽ  മത്സരിച്ചിരുന്നു.   ഉദ്യോഗാർഥികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് റെയിൽവേയിൽ സ്ഥിരം ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.  ഉദ്യോഗാർഥികളെ ഡൽഹിയിലെത്തിച്ച് റെയിൽവേ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ ആളുകളോടൊത്ത്‌ മെഡിക്കൽ പരിശോധന നടത്തും. തുടർന്ന് മാസങ്ങൾക്ക് ശേഷം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനെന്ന പേരിൽ ചെന്നൈ സതേൺ റെയിൽവേ ഓഫീസ് കോമ്പൗണ്ടിലെത്തിച്ച്‌ റെയിൽവേ ഉദ്യോഗസ്ഥർ എന്ന വ്യാജേന സർട്ടിഫിക്കറ്റുകൾ പരിശോധിക്കും.    തുടർന്ന് ബാക്കി തുകയും വാങ്ങിയ ശേഷം റെയിൽവേ റിക്രൂട്ട്മെന്റ്‌ ബോർഡിന്റെ വ്യാജ നിയമന ഉത്തരവ്‌ തപാൽ വഴി അയക്കും. ഉത്തരവ് ലഭിച്ച്‌ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് നിരവധിപ്പേർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ ഉത്തരവ് വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തി. വെഞ്ഞാറമൂട് പൊലീസ്‌ രജിസ്‌റ്റർചെയ്‌ത കേസിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.    വെഞ്ഞാറമൂട് എസ് എച്ച് ഒ അനൂപ് കൃഷ്‌ണ, ഇൻസ്പെക്ടർമാരായ രാഹുൽഷാൻ, പ്രദീപ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്‌തു.   Read on deshabhimani.com

Related News