കനത്ത മഴ: വ്യാപക നാശനഷ്ടം



തിരുവനന്തപുരം  ജില്ലയിൽ ഞായറാഴ്ചയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. വിവിധയിടങ്ങളിൽ വീടുകൾ തകർന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. പല മേഖലകളും വെള്ളത്തിലായി. ആറ്റിങ്ങൽ, വെള്ളറട എന്നിവിടങ്ങളിൽ കനത്ത മഴയാണ്‌ പെയ്തത്‌.  ആറ്റിങ്ങൽ ടൗൺ വെള്ളത്തിലായി. വെള്ളറടയിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഇതോടെ ഉൾപ്രദേശങ്ങളിലേക്കുള്ള ഗതാഗതം താറുമാറായി. നെടുമങ്ങാട്‌, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിലും താഴ്‌ന്നപ്രദേശങ്ങളിൽ വെള്ളം കയറി. നഗരത്തിൽ പെയ്ത മഴയിൽ ഊറ്റുകുഴി, ചാക്ക, പേട്ട, തമ്പാനൂർ എസ്‌ എസ്‌ കോവിൽ, മണക്കാട്‌, കിഴക്കേകോട്ട തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. വാമനപുരം, കരമനയാർ എന്നിവിടങ്ങളിൽ ജലനിരപ്പ്‌ ഉയരുന്നതിനാൽ കരകളിൽ താമസിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന്‌ ജില്ലാ അധികൃതർ അറിയിച്ചു. അരുവിക്കര, നെയ്യാർ, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടർ ചെറിയ നിലയിൽ തുറന്നിട്ടുണ്ട്‌. ഇത്‌ നദികളിലെ ജലനിരപ്പ്‌ കൂടുതൽ ഉയരാൻ കാരണമായേക്കും. അതിനാൽ നദികളിൽ കുളിക്കാൻ ഇറങ്ങുന്നതടക്കം ഒഴിവാക്കണം. വെള്ളറട കനത്ത മഴയെത്തുടർന്ന് അതിർത്തി മലയോര ഗ്രാമങ്ങളായ അമ്പൂരി, കുടപ്പനമൂട്, വെള്ളറട, ചൂണ്ടിക്കൽ, പനച്ചമൂട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. കൂതാളി അപ്പുകോണം കരിപ്പുവാലി തോട്‌ കവിഞ്ഞ്‌ സമീപത്തെ വീടുകളിൽ വെള്ളം കയറി. ആറാട്ടുകുഴി, ചൂണ്ടിക്കൽ, ആയിക്കോണം എന്നിവിടങ്ങളിലും വെള്ളം കയറി. അമ്പൂരി നെല്ലിക്കാമല, നുള്ളിയോട് എന്നിവിടങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.  കെഎസ്ആർടിസി വെള്ളറട ഡിപ്പോയും വെള്ളത്തിൽ മുങ്ങി. ആര്യനാട് മലവെള്ളപ്പാച്ചിലിൽ ചെറുമഞ്ചൽ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിന് വ്യാപക നാശം. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ തകർന്നു. കാണിക്കവഞ്ചി, വിളക്കുകൾ, വിഗ്രഹങ്ങൾ എന്നിവ ഒഴുകിപ്പോയി. തറയോടിനും കേടുപാടുണ്ടായി. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നാശം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. പുറുത്തിപ്പാറ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒരു വശത്തെ കരിങ്കൽ കെട്ട് തകർന്നു. റിവൈവൽ സെൻട്രൽ ചർച്ചിന്റെ സമീപത്ത് വീണു. മൈതാനത്തിന്റെ തകർന്ന ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊലിച്ച് എത്തി ചർച്ചിന്റെ അകത്തും പള്ളിയോട് ചേർന്ന വീട്ടിലും വെള്ളം കയറി. കോവളം വിഴിഞ്ഞം അടിമലത്തുറയിൽ തീരത്ത് കയറ്റിവച്ചിരുന്ന വള്ളം മിന്നലേറ്റ് തകർന്നു.  വള്ളത്തിന്റെ ഒരുഭാഗം ഇളകിത്തെറിച്ചു. അടിമലത്തുറ സ്വദേശി പൊടിപീറ്ററിന്റെതാണ് വള്ളം.  ഞായർ വൈകിട്ടാണ് സംഭവം.   Read on deshabhimani.com

Related News