ഹാരപ്പൻ സംസ്‌കാരത്തെ അറിയാം 
ക്യൂആർ കോഡിലൂടെ



കഴക്കൂട്ടം  അയ്യായിരം കൊല്ലങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നയാളുടെ അസ്ഥികൂടത്തിനൊരു പേരിടാൻ അവസരം കിട്ടിയെന്നിരിക്കട്ടെ എന്ത്‌ പേരിടും? പേര്‌ ഏതുമാകാം.  അന്തിമ തീരുമാനം കാര്യവട്ടം സർവകലാശാലയിലെ ആർക്കിയോളജി  വിഭാഗത്തിന്റേതാകും. യോജിച്ച പേരിടുന്നവർക്ക്‌ 1501 രൂപ ലഭിക്കും.   ഗുജറാത്തിലെ ആദ്യകാല ഹാരപ്പൻ പ്രദേശമായ ജുനഖാട്ടിൽനിന്നും ഖനനം ചെയ്ത പുരുഷന്റെ അസ്ഥികൂടമാണ്‌ പുരാവസ്‌തു പ്രദർശനത്തിൽ കൗതുകമുണർത്തുന്നത്‌. ഇത്രയും വർഷം പഴക്കമുള്ളതും പൂർണരൂപത്തിലുള്ളതുമായ  അസ്ഥികൂടങ്ങൾ ലഭിക്കുന്നത് അത്യപൂർവമാണ്‌. അതിനാൽ തന്നെ പേരിട്ട്‌ സൂക്ഷിക്കാനാണ്‌ സർവകലാശാല അധികൃതരുടെ തീരുമാനം.  ഇതുകൂടാതെ 3500 മുതൽ 2500 ബിസി വരെ പഴക്കമുള്ള ഹാരപ്പൻ സംസ്‌കാരത്തിന്റെ ചരിത്രാവശേഷിപ്പുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്‌. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ശേഖരിച്ചവയാണിവ.  ശിലായുഗത്തിൽ മനുഷ്യൻ കല്ലിൽ നിർമിച്ച ആയുധങ്ങൾ, കുടങ്ങളും പാത്രങ്ങളും, ആഭരണങ്ങൾ നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, കളിമണ്ണിൽ തീർത്ത മാല മുത്തുകൾ, വിലപിടിപ്പുള്ള കല്ലുകൾകൊണ്ട് നിർമിച്ച ആഭരണങ്ങൾ, മുദ്രകൾ  തുടങ്ങി അനേകം പുരാവസ്തുക്കൾ ഇവിടെയുണ്ട്‌. പനയോലയിൽ രചിച്ച ഭഗവത്ഗീത, പാറക്കല്ലിൽ കൊത്തിയുണ്ടാക്കിയ വാൽക്കണ്ണാടി, ശംഖൂതുന്ന ശ്രീകൃഷ്ണൻ, സിറാമിക്ക് പാത്രങ്ങൾ തുടങ്ങിയ വേറെയും. പാലക്കാട്ടെ അലനല്ലൂരില്‍നിന്നു കിട്ടിയ നന്നങ്ങാടി, കൊല്ലത്തെ തങ്കശ്ശേരിയില്‍നിന്നു കിട്ടിയ പഴയ ചൈനീസ് നാണയങ്ങള്‍, വിഴിഞ്ഞത്തുനിന്നു കിട്ടിയ പുരാവസ്തുക്കള്‍ എന്നിവയും ഈക്കൂട്ടത്തിലുണ്ട്. 1914 മുതല്‍ കണ്ടെടുത്ത പുരാവസ്തുക്കളാണ് വകുപ്പധ്യക്ഷ പ്രീത നായരുടെയും അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് വി രാജേഷിന്റെയും ജി എസ് അഭയന്റെയും മേല്‍നോട്ടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ആര്‍ക്കിയോളജി എംഎ വിദ്യാര്‍ഥികളും ഗവേഷകവിദ്യാര്‍ഥികളും പുരാവസ്തുക്കളെപ്പറ്റി സന്ദര്‍ശകരോട്‌ വിശദീകരിക്കും.  സ്മാര്‍ട്ട് ഫോണിലൂടെ ക്യുആർ കോഡ്‌ സ്‌കാന്‍ ചെയ്ത്‌ ഇവയെപ്പറ്റി കൂടുതലറിയാം. മൂന്നു ദിവസത്തെ പ്രദർശനം ബുധനാഴ്ച അവസാനിക്കും. Read on deshabhimani.com

Related News