പച്ചക്കറി–-വാഴ കൃഷിക്കാർക്കായി കർഷകസംഘം കൂട്ടായ്മ



നെടുമങ്ങാട് ലോക്ക്‌ ഡൗണിന്റെ പശ്ചാത്തലത്തിൽ മാര്‍ക്കറ്റുകളെല്ലാം മരവിച്ചതോടെ ദുരിതത്തിലായ നെടുമങ്ങാട്ടെ പച്ചക്കറി-‐വാഴ കൃഷിക്കാർക്ക് കര്‍ഷക സംഘം കൈത്താങ്ങായി. കർഷകർ ഉൽപ്പാദിപ്പിക്കുന്ന  വിഭവങ്ങൾ കർഷകസംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭരിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചു. ശനിയാഴ്ച പൂവത്തൂർ, ആനാട് മേഖലകളിൽ നിന്ന് കൃഷിക്കാരിൽനിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് നെടുമങ്ങാട് മാർക്കറ്റ് ജങ്‌ഷനിലെ താൽക്കാലിക കേന്ദ്രത്തിലൂടെ വിറ്റഴിച്ചു. ചൊവ്വ, ശനി ദിവസങ്ങളിലായി അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് പൊലീസ് പാസ് ഉപയോഗിച്ച്  രാവിലെ 6  മുതൽ 7.30 വരെ  കൃഷിക്കാരിൽ നിന്ന് നേരിട്ട് സംഭരിച്ച്  8 മുതൽ  ഇത്തരത്തിൽ വിതരണം ചെയ്യാനാണ് തീരുമാനം. സംഭരണ, വിപണന നടപടി കള്‍ ശനിയാഴ്ച ആരംഭിച്ചു. പൊലീസിൽ നിന്നും പ്രത്യേകാനുവാദം വാങ്ങി വാഹനത്തിൽ കർഷകന്റെ കൃഷിയിടത്തിൽ നേരിട്ടെത്തി കർഷകസംഘം പ്രവർത്തകരാണ് ഉൽപ്പന്നങ്ങള്‍ ശേഖരിക്കുന്നത്. ശേഖരിച്ച ഉൽപ്പന്നങ്ങള്‍ നെടുമങ്ങാട് മാർക്കറ്റ് ജങ്‌ഷനിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിറ്റഴിക്കും. സംഭരണ വിതരണ കേന്ദ്രം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. ആർ മധു, പി ജി പ്രേമചന്ദ്രൻ, റഹിം, ടി ആർ സുരേഷ്, ഗീതാകുമാരി, പി രാജീവ്, അശോകൻ പഴകുറ്റി, ജയമോഹൻ എന്നിവർ വിവിധ സമയങ്ങളിലായി വിപണിക്ക് നേതൃത്വം നൽകി. വാഴക്കുലകൾ ഹോർട്ടികോർപ്‌ മുഖേന ശേഖരിപ്പിക്കുന്നതിന് കർഷക സംഘം മുൻകൈയെടുക്കുമെന്ന് അഡ്വ. ആർ ജയദേവൻ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്കൃഷിക്കാർ ബന്ധപ്പെടേണ്ട നമ്പർ : 9447247175, 9447695775. Read on deshabhimani.com

Related News