തകർന്നത്‌ നാടിന്റെ 
സമാധാന അന്തരീക്ഷം



തിരുവനന്തപുരം/വിഴിഞ്ഞം കലാപ സമാനമായ സംഘർഷമൊരുക്കി ഞായറാഴ്‌ച വിഴിഞ്ഞത്തിന്റെ ഉറക്കംകെടുത്തി സമരസമിതി. പൊലീസ്‌ സ്‌റ്റേഷൻ ആക്രമിക്കുകയും പൊലീസുകാരെ അടിച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്‌തതോടെയാണ്‌ നാടുനടുങ്ങിയത്‌. 35 പൊലീസുകാർക്കാണ്‌ പരിക്കേറ്റത്‌.  എട്ടുപേരുടെ നില ഗുരുതരമാണ്‌.  അക്രമദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യപ്രവർത്തകനെയും പത്രഫോട്ടോഗ്രാഫറെയും വെറുതെ വിട്ടില്ല. ഞായറാഴ്‌ച വൈകിട്ട്‌ 6.30ഓടെയാണ്‌ അക്രമസംഭവങ്ങൾക്ക്‌ വൈദികരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചത്‌. കഴിഞ്ഞദിവസത്തെ അക്രമത്തിൽ പ്രതികളായ സെൽറ്റൻ, മുത്തപ്പൻ, ലിയോ, ശംഖി, പുഷ്‌പരാജൻ എന്നിവരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ആളുകൾ വിഴിഞ്ഞം പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിലെത്തിയത്‌.  ഗ്രിൽ തകർത്ത്‌ പൊലീസ്‌ സ്‌റ്റേഷനകത്ത്‌ കടന്ന്‌ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ആംബുലൻസിനെയും സമരക്കാർ തടഞ്ഞു. ഇതിനാൽ പരിക്കേറ്റ പൊലീസുകാരെ വൈകിയാണ്‌ മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കാനായത്‌. ലാത്തി ചാർജും കണ്ണീർവാതകവും പ്രയോഗിച്ചപ്പോൾ വിഴിഞ്ഞം കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തേക്ക്‌ സമരക്കാർ നീങ്ങി.  കൂടുതൽ പൊലീസ്‌ എത്തിയാണ്‌ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്‌.    ആയിരത്തോളം 
പൊലീസുകാർ 
ഇന്നെത്തും മറ്റുജില്ലകളിൽനിന്നായി ആയിരത്തോളം പൊലീസുകാർ തിങ്കളാഴ്‌ച വിഴിഞ്ഞത്ത്‌ എത്തും. പൊലീസിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്‌ സിറ്റി പൊലീസ്‌ കമീഷണർ സ്‌പർജൻ കുമാറാണ്‌. ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ, മൂന്ന്‌ അസി. കമീഷണർമാർ എന്നിവരും പ്രദേശത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ജില്ലയിലെ വിവിധ ഡിവൈഎസ്‌പിമാരെ രാത്രി വൈകി പ്രദേശത്തേക്ക്‌ നിയോഗിച്ചു.   ആദ്യഘട്ട ചർച്ച 
പൂർത്തിയായത്‌ രാത്രി 12ഓടെ സമരസമിതിയുമായി ജില്ലാ നേതൃത്വം നടത്തിയ ആദ്യഘട്ട ചർച്ച രാത്രി 12വരെ നീണ്ടു. ഞായർ രാത്രി 11നാണ്‌ ചർച്ച ആരംഭിച്ചത്‌. കലക്ടർ ജെറൊമിക്‌ ജോർജ്‌, സബ്‌ കലക്ടർ അശ്വതി ശ്രീനിവാസ്‌, സിറ്റി പൊലീസ്‌ കമീഷണർ സ്പർജൻ കുമാർ എന്നിവർ സമരസമിതി ജനറൽ കൺവനീർ ഫാ. യുജീൻ പെരേരയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ്‌ ചർച്ച നടത്തിയത്‌.രാത്രി 12ന്‌ ആദ്യഘട്ട ചർച്ച പൂർത്തിയാക്കി പുറത്തിറങ്ങിയ യുജീൻ പെരേര സമരനേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന്‌ രണ്ടാംഘട്ട ചർച്ച ആരംഭിച്ചു. രാത്രി വൈകിയും ചർച്ച തുടർന്നു. സമാധാനാന്തരീക്ഷം സൃഷ്‌ടിക്കുകയാണ്‌ ലക്ഷ്യമെന്നാണ്‌ ആദ്യഘട്ട ചർച്ചയ്ക്കുശേഷം പുറത്തുവന്ന ഫാ. യുജീൻ പെരേര മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഇതിനിടെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൊലീസുകാരെ എഡിജിപി എം ആർ അജിത്‌കുമാർ സന്ദർശിച്ചു. Read on deshabhimani.com

Related News