ഗുണ്ടാനേതാവിന്‌ സ്റ്റേഷന്‍ ജാമ്യം; 
മംഗലപുരം എസ്ഐയെ സസ്‌പെൻഡ്‌ ചെയ്‌തു



മംഗലപുരം യുവാവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ഗുണ്ടാ നേതാവ്‌ ഫൈസലിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ച സംഭവത്തില്‍ മംഗലപുരം എസ്ഐയെ സസ്‌പെൻഡ്‌ ചെയ്‌തു.    സ്‌റ്റേഷൻ എസ്‌ ഐ തുളസീധരന്‍ നായരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ വെള്ളിയാഴ്ച സ്റ്റേഷനില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ നടപടി. തുളസീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തിയെന്നായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.  ഇതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തുള്ള ഉത്തരവിറങ്ങിയത്. സംഭവത്തെക്കുറിച്ച് ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.    രണ്ടുദിവസം മുമ്പാണ് അനസ്‌ എന്ന യുവാവിനെ കണിയാപുരം മസ്താന്‍ മുക്കില്‍ ഗുണ്ടാ നേതാവ് ഫൈസല്‍ മര്‍ദിച്ചത്. ബൈക്ക് തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിമാറ്റിയായിരുന്നു മര്‍ദനം. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പരാതിയില്‍ കേസ് എടുക്കാന്‍ പൊലീസ്‌ തയ്യാറായിരുന്നില്ല.    വാര്‍ത്ത പുറത്തുവന്നതോടെ ചെറിയ വകുപ്പ്‌ ചുമത്തി കേസെടുത്തു. ഫൈസല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്ത് പുറത്തിറങ്ങി. വധശ്രമ കേസില്‍ പൊലീസ് തെരയുന്ന പ്രതിയായിട്ടും സ്റ്റേഷന്‍ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. Read on deshabhimani.com

Related News