എന്റെ കേരളം മെഗാമേള സമാപിച്ചു



തിരുവനന്തപുരം എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ സംഘടിപ്പിച്ച എന്റെ കേരളം മെഗാ പ്രദർശനമേള സമാപിച്ചു. മേളയിൽ വിവിധ വകുപ്പുകൾക്കും മേളയുടെ മികച്ച കവറേജിന്‌ മാധ്യമങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ എംഎൽഎമാരായ വി കെ പ്രശാന്ത്, കെ ആൻസലൻ,  കലക്ടർ ജെറോമിക് ജോർജ്  എന്നിവർ വിതരണം ചെയ്തു.     മികച്ച എക്‌സിബിഷൻ സ്റ്റാളിന്‌ ഒന്നാംസ്ഥാനം ജയിൽ വകുപ്പും  വനിതാ ശിശുവികസന വകുപ്പും പങ്കിട്ടു. രണ്ടാംസ്ഥാനം കേരള പൊലീസ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവർക്കാണ്‌.  മികച്ച വിപണന സ്റ്റാളിനുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ സപ്ലൈകോ എക്സ്പ്രസ് മാർട്ടും ഹോർട്ടിക്കോർപ്പും നേടി. മികച്ച സേവന സ്റ്റാളിനുള്ള ഒന്നാംസ്ഥാനം അക്ഷയയും (ഐടി മിഷൻ) രണ്ടാം സ്ഥാനം കാർഷിക വികസന കർഷകക്ഷേമ വകുപ്പും സ്വന്തമാക്കി. മികച്ച ഫുഡ് കോർട്ടിന്‌ ജയിൽ വകുപ്പും സാഫും ഒന്ന്‌, രണ്ട്‌ സ്ഥാനങ്ങളിലെത്തി. ഭാരതീയ ചികിത്സാ വകുപ്പ് (ആയുഷ്) ജനപ്രിയ സ്റ്റാളിനുള്ള പുരസ്‌കാരം നേടി.    അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കലാകൗമുദിയിലെ ബി വി അരുൺകുമാറിനും മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ വിൻസന്റ് പുളിക്കലിനും മികച്ച കവറേജിനുള്ള പുരസ്കാരം ജനയുഗത്തിനും ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടറായി 24 ന്യൂസിലെ ആദിൽ പാലോടും മികച്ച കാമറാമാനായി 24 ന്യൂസിലെ ജിനു എസ് രാജും തെരഞ്ഞെടുക്കപ്പെട്ടു. കൈരളി ടിവിക്ക് സമഗ്ര കവറേജിനുള്ള പുരസ്കാരവും ലഭിച്ചു. ഓൺലൈൻ മീഡിയ വിഭാഗത്തിൽ സമഗ്ര കവറേജിന് ഇടിവി ഭാരതും റേഡിയോ വിഭാഗത്തിൽ ക്ലബ് എഫ്എമ്മും പുരസ്‌കാരം നേടി.   Read on deshabhimani.com

Related News