ട്രെയിൻ തട്ടി മരിച്ച 2 വയസ്സുകാരിക്ക് നാട് വിടനൽകി

സുഹ്റിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർ


വർക്കല ട്രെയിൻ തട്ടി മരിച്ച രണ്ടുവയസ്സുകാരിക്ക് ഇടവ ഗ്രാമം ഒന്നടങ്കം കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. ഇടവ കാപ്പിൽ കണ്ണുംമൂട് എകെജി വിലാസത്തിൽ അബ്ദുൽ അസീസ് - ഇസൂസി ദമ്പതികളുടെ മകൾ സുഹ്റിൻ (2) ആണ് വെള്ളി വൈകിട്ട് അഞ്ചരയോടെ ട്രെയിൻ തട്ടി മരിച്ചത്. ശനിയാഴ്ച വർക്കല താലൂക്ക് ആശുപത്രിയിൽനിന്ന്‌ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹം കണ്ട് സുഹ്റിന്റെ അച്ഛനമ്മമാരും സഹോദരങ്ങളും അടക്കാനാകാതെ വാവിട്ട് കരഞ്ഞതോടെ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ഇടവ ഗ്രാമം ഒന്നടങ്കം സുഹ്റിനെ കാണാനും അന്ത്യോപചാരമർപ്പിക്കാനും എത്തിയതോടെ ഇടവ സങ്കടക്കടലായി. വീടിനു മുന്നിലെ റെയിൽപ്പാളത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടത്. മറ്റു കുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സുഹ്റിൻ. അമ്മ കുഞ്ഞിന് കൊടുക്കാനുള്ള ഭക്ഷണമെടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ മറ്റ് കുട്ടികൾ കുഞ്ഞിനെ തനിച്ചാക്കി അകത്തേക്ക് പോയി. സുഹ്റിൻ മുറ്റത്തിറങ്ങി വീട്ടിൽനിന്ന്‌ 50 മീറ്ററിനുള്ളിലുള്ള റെയിൽവേ ട്രാക്കിലേക്ക് ആരുമറിയാതെ നടന്നു നീങ്ങുകയായിരുന്നു.   വീടിന്റെ ഗേറ്റ് തുറന്ന് നടന്നു നീങ്ങിയ കുട്ടി ട്രാക്കിനു സമീപമുള്ള പാറക്കഷണങ്ങളിൽ പിടിച്ച് ഒന്നര മീറ്റർ ഉയരമുള്ള രണ്ട് റെയിൽവേ ട്രാക്കും മറികടക്കുന്നതിനിടെ ട്രെയിൽ തട്ടി താഴേക്ക് വീഴുകയായിരുന്നു. ആദ്യത്തെ പാളം കടന്ന് രണ്ടാമത്തെ പാളത്തിൽ വച്ചാണ് അപകടമുണ്ടായത്. ഈ സമയം അമ്മ വീടിനകത്തും പുറത്തുമായി കുഞ്ഞിനെ തിരയുന്നതിനിടെ വഴിയാത്രക്കാരാണ് പാളത്തിനു പുറത്തെ താഴ്ചയിൽ കുഞ്ഞിനെ കണ്ടത്. ശനി വൈകിട്ടോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കുഞ്ഞുസുഹ്റിനെ ഇടവ ആലുംമൂട് വലിയ പള്ളി കേന്ദ്ര ജമാഅത്ത് പള്ളിയിൽ ഖബറടക്കി. Read on deshabhimani.com

Related News