ഒരു വാർഡിൽ ഒരു കെട്ടിടം ക്യാമ്പാക്കണം



തിരുവനന്തപുരം മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഒരു വാർഡിൽ ഒരു ക്യാമ്പ് നടത്താൻ കഴിയുന്ന കെട്ടിടം കണ്ടെത്തണമെന്ന്‌ റവന്യു മന്ത്രി കെ രാജൻ. മഴക്കാലപൂർവ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ്‌ നിർദേശം. സ്വകാര്യ, സർക്കാർ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും ചില്ലകളും  മുറിച്ചു മാറ്റണം. ക്യാമ്പ്‌ നടത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതി, ശുചിമുറികൾ, ലൈറ്റ്, ഫാൻ, അടുക്കള എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. അത്യാഹിതം ഉണ്ടായാലുടൻ  എല്ലാ കൺട്രോൾ റൂമുകളിലും വിവരമെത്തിക്കാൻ ശ്രദ്ധിക്കണമെന്നും തീരുമാനിച്ചു. അത്യാവശ്യ ഘട്ടങ്ങൾ നേരിടുന്നതിനാവശ്യമായ തുക അതത് കലക്ടർമാരുടെ അക്കൗണ്ടിലേക്ക് നൽകി.   വില്ലേജ് ഓഫീസർമാർക്ക് ചെലവാകുന്ന തുക അനുവദിക്കും. ദുരന്തമുണ്ടായാൽ നേരിടാനാവശ്യമായ  വാഹനങ്ങൾ, ക്രയിനുകൾ, അംബുലൻസുകൾ എന്നിവയുടെ ലഭ്യത മുൻകൂട്ടി ഉറപ്പാക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, ലാൻഡ് റവന്യു കമീഷണർ കെ ബിജു, ലാൻഡ് റവന്യു ജോയിന്റ്‌ കമീഷണർ ജെറോമിക് ജോർജ് എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News