അനധികൃത മദ്യക്കച്ചവടം: പ്രതി അറസ്റ്റിൽ



കിളിമാനൂർ ബിവറേജ് ഔട്ട്‌ലെറ്റുകളിൽനിന്ന് വലിയ അളവിൽ വിദേശമദ്യം വാങ്ങി സംഭരിച്ച് ആവശ്യക്കാർക്ക് കൂടിയ വിലയ്ക്ക് മദ്യം വിറ്റ യുവാവിനെ പള്ളിക്കൽ പൊലീസ് അറസ്റ്റ്‌ ചെയ്തു. മടവൂർ പുലിയൂർകോണം മാങ്കുഴി കുന്നുംപുറത്ത് വീട്ടിൽ സമീറാ (32)ണ്‌ പൊലീസ്‌ പിടിയിലായത്. തങ്കക്കല്ല് കശുവണ്ടി ഫാക്ടറിക്ക് സമീപം തന്റെ ഓട്ടോറിക്ഷയിൽ ആവശ്യക്കാർക്ക് മദ്യം ചില്ലറ വിൽപ്പന നടത്തിവരുമ്പോഴാണ്‌ പിടിയിലായത്‌. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.  സംഭവത്തെക്കുറിച്ച് പള്ളിക്കൽ പൊലീസ് പറയുന്നതിങ്ങനെ. പ്രതി കാലങ്ങളായി വിദേശമദ്യം ബിവറേജ് ഔട്ട്‌ലെറ്റുകളിൽനിന്ന് കൂടിയ അളവിൽ വാങ്ങി സംഭരിച്ച്‌ ആവശ്യക്കാർക്ക് വിൽപ്പന നടത്തിവരുകയായിരുന്നു.  ആവശ്യക്കാർക്ക് പറയുന്ന സമയം മദ്യം പറയുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്നതാണ് രീതി. ബിവറേജസ്‌ ഔട്ട്‌ലെറ്റിലെ വിലയേക്കാൾ ഇരുനൂറ് രൂപമുതൽ 250 രൂപവരെ കൂട്ടിയാണ് കച്ചവടം നടത്തിയിരുന്നത്. ഒന്നാം തീയതികളിൽ ശരാശരി നൂറിലധികം കുപ്പി വിറ്റിരുന്നു.  ദിവസവും അയ്യായിരം രൂപയോളം ലഭിക്കും. പിടിയിലാകുമ്പോൾ ഇയാളുടെ കൈയിൽ ഏഴായിരം രൂപയുണ്ടായിരുന്നു.  പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ പറമ്പിൽനിന്ന് കുഴിച്ചിട്ട നിലയിൽ മദ്യം തൊണ്ടിയായി കണ്ടെത്തി.   Read on deshabhimani.com

Related News