കർഷകർക്ക് സാന്ത്വനമേകി മന്ത്രിമാർ

ചെല്ലംകോട് കൃഷിദര്‍ശന്‍ സമാപനയോഗം മന്ത്രിമാരായ ജി ആർ അനിൽ‍, പി പ്രസാദ് എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്യുന്നു


നെടുമങ്ങാട് നെടുമങ്ങാട് ബ്ലോക്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ച കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ ഭാഗമായി മന്ത്രിമാരായ പി പ്രസാദ്‌, ജി ആർ അനിൽ എന്നിവർ കൃഷിയിടങ്ങൾ സന്ദർശിച്ച്‌ പ്രശ്‌നങ്ങൾ വിലയിരുത്തി. കുടപ്പനക്കുന്ന്, കരകുളം, വെമ്പായം പനവൂർ, ആനാട്, അരുവിക്കര പഞ്ചായത്തുകളിലെയും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ ചെല്ലാങ്കോട് അടക്കമുള്ള പ്രദേശങ്ങളാണ് മന്ത്രിമാർ സന്ദർശിച്ചത്.  കാർഷിക കർമ സേനയിലെ ടെക്‌നീഷ്യൻമാർക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും ഇതിനായി ഈ സാമ്പത്തിക വർഷം തന്നെ 20 ലക്ഷം രൂപ വകയിരുത്തുമെന്നും മന്ത്രിമാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ നാലായിരത്തോളം കാർഷിക കർമസേന ടെക്‌നീഷ്യൻമാർക്ക്‌ ആശ്വാസമായ പ്രഖ്യാപനമാണിത്‌. കാർഷിക കർമസേനയെ യന്ത്രവൽകൃത സേനയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കും. ഹോർട്ടികോർപ് ഡിസംബർ 31 വരെ  കർഷകർക്ക് നൽകാനുണ്ടായിരുന്ന കുടിശ്ശികത്തുക മുഴുവനായും രണ്ട് ദിവസത്തിനകം നൽകും.  കർഷകരിൽനിന്നും സംഭരിക്കുന്ന ഉൽപ്പന്നങ്ങൾ കേട് കൂടാതെ സൂക്ഷിക്കുവാൻ നെടുമങ്ങാട് വേൾഡ്‌ മാർക്കറ്റിലെ ശീതീകരണ  സംഭരണി ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും മന്ത്രിമാർ പറഞ്ഞു. കരകുളം കൃഷിഭവന്റെ കീഴിൽ വട്ടപ്പാറയിൽ ഒരു എക്സ്റ്റൻഷൻ യൂണിറ്റ് ആരംഭിക്കും.  ആനാട് പഞ്ചായത്തിലെ കൃഷിക്കൂട്ടത്തിന്റെ മൂല്യവർധിത ഉൽപ്പന്നമായ മഞ്ഞൾ താലം കൃഷിമന്ത്രിക്ക് സമർപ്പിച്ചു. എംഎൽഎമാരായ വി കെ പ്രശാന്ത്, ഡി കെ മുരളി, സ്റ്റീഫൻ, നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ, ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റ് വി അമ്പിളി, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക്, കൃഷി ഡയറക്ടർ ടി വി സുഭാഷ്, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി തുടങ്ങിയവർ മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News