ഡിസംബർ 8വരെ 
പരാതി സമർപ്പിക്കാം



 തിരുവനന്തപുരം  വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ ഡിസംബർ എട്ടുവരെ അവസരം. പരാതികൾ ഡിസബംർ 26ന് മുമ്പ് തീർപ്പാക്കി ജനുവരി അഞ്ചിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലയിലെ ഇലക്ടറൽ റോൾ ഒബ്‌സർവർ കെ ബിജു, കലക്ടർ ജെറോമിക് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു.  2024 ലെ പൊതുതെരഞ്ഞെടുപ്പിനാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. പട്ടികജാതി –- പട്ടികവർ​ഗക്കാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ഞായറാഴ്‌ചയും ഡിസംബർ 3, 12 തീയതികളിലുമായി താലൂക്ക്, വില്ലേജ്, ബൂത്ത് തലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ആരെയെങ്കിലും വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്കും രാഷ്ട്രീയ പാർടികൾക്കും തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപ്പെടുത്താം. കരട് വോട്ടർ പട്ടിക പരിശോധിക്കാൻ എല്ലാവർക്കും അവസരം നൽകും. 17 വയസ്സ്‌ പൂർത്തിയായവർക്കെല്ലാം വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാം. 18 വയസ്സാകുമ്പോൾ വോട്ടർമാരായി മാറും.  2023 ജനുവരി ഒന്നിന് 18 വയസ്സാകുന്നവരെ കൂടി ഉൾപ്പെടുത്തിയാകും അന്തിമ വോട്ടർ പട്ടിക. പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ www.nvsp.com, eci.gov.in വെബ്‌സൈറ്റുകൾ വഴിയും വോട്ടേഴ്‌സ് ഹെൽപ്പ് ലൈൻ ആപ്‌ വഴിയും സമർപ്പിക്കാം.  Read on deshabhimani.com

Related News