പാറശാലയിൽ പഞ്ചായത്തംഗത്തെ കോൺഗ്രസ്‌ അംഗങ്ങൾ മർദിച്ചു

മർദനമേറ്റ് പാറശാല ഗവ. ആശുപത്രിയിൽ കഴിയുന്ന സുനിലിനെ സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ സന്ദർശിക്കുന്നു)


പാറശാല പ്രതിപക്ഷ അംഗങ്ങളായ കോൺഗ്രസ്‌ അംഗങ്ങൾ സിപിഐ എം പഞ്ചായത്തംഗത്തെ മർദിക്കുകയും പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിക്കാൻ ശ്രമിച്ചതായും പരാതി. പാറശാല പഞ്ചായത്തിൽ വാർഡ്‌ അംഗങ്ങളുടെ യോഗത്തിനിടെയാണ്‌ സംഭവം.  മുറിയത്തോട്ടം വാർഡംഗം എം സുനിലിനെയാണ് കോൺഗ്രസ് അംഗങ്ങളായ ലെൽവിൻ ജോയും വിനയനാഥും ചേർന്ന് യോഗം തടസ്സപ്പെടുത്തി മർദിച്ചത്. ഇദ്ദേഹത്തെ പാറശാല ഗവ. താലൂക്ക്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിവയറ്റിലും നെഞ്ചിലും ഇടിച്ചതായി സുനിൽ പറഞ്ഞു.  അതിക്രമത്തെ ചോദ്യംചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെ അവർ ഇരിക്കുകയായിരുന്ന കസേരയ്‌ക്ക് മുന്നിലുള്ള ഡയസ്‌ തള്ളിനീക്കി ആക്രമിക്കാനും ശ്രമിച്ചു.  ഭരണപക്ഷാംഗങ്ങളായ വനിതാ അംഗങ്ങളെ ഉൾപ്പെടെ അസഭ്യം വിളിച്ച്  ഇവർ കയർത്ത് സംസാരിച്ചു. ഈ സമയം പഞ്ചായത്താഫീസിന് പുറത്ത് കോൺഗ്രസ് നേതാക്കളുടെ നേത്യത്വത്തിൽ 50 ഓളം പേർ നിലയുറപ്പിച്ചിരുന്നു. പഞ്ചായത്ത് ഓഫീസ് കെട്ടിടം അപകടസ്ഥിതിയിലായതിനെ തുടർന്ന് ഓഫീസ്  മാറ്റി സ്ഥാപിക്കുന്നതിനുള്ള തീരുമാനമെടുക്കുന്നതിനു  കൂടിയ കമ്മിറ്റിയിലാണ് അക്രമം നടന്നത്‌.  യോഗത്തിൽ പുത്തൻകടയിലെ പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ ഓഫീസ് പ്രവർത്തനം താൽക്കാലികമായി ക്രമീകരിക്കാൻ തീരുമാനിച്ചു. ചികിത്സയിൽ കഴിയുന്ന എം സുനിലിനെ സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, ലോക്കൽ സെക്രട്ടറി എം എസ് സന്തോഷ് കുമാർ, ബ്ലോക്ക് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ തുടങ്ങിയവർ  സന്ദർശിച്ചു.  Read on deshabhimani.com

Related News