കോവളത്തിന്റെ നഷ്ടപ്രതാപം 
തിരിച്ചുപിടിക്കും: മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം  ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവളം ടൂറിസം വികസന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ടൂറിസം മേഖലയിൽ കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ട്. അശാസ്ത്രീയ നിർമിതികൾ കോവളം ബീച്ചിന്റെ മനോഹാരിതയെ ബാധിച്ചിട്ടുണ്ട്‌. ഇത്‌ പരിശോധിച്ച് ഇനിയുള്ള നിർമാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും.  കോവളം കടൽ തീരത്തെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആഗസ്ത്‌ പത്തിനകം പൂർത്തീകരിക്കും. ടൈലിങ്‌ പ്രവൃത്തികൾ പതിനഞ്ചിനകം പൂർത്തീകരിക്കും.  അടിസ്ഥാന സൗകര്യ വികസനത്തിൽ ഉള്ള സ്ഥലപരിമിതി മറികടക്കാൻ സ്വകാര്യ മേഖല ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി പ്രശ്‌നപരിഹാരം കണ്ടെത്താനും തീരുമാനിച്ചു. ടൂറിസം മേഖലയിലെ സാംസ്‌കാരിക പദ്ധതിയായിരുന്ന ‘ഗ്രാമം പരിപാടി' പുനരാവിഷ്‌കരിച്ച് നവീനമായി നടപ്പിലാക്കും.  ലൈറ്റ് ഹൗസ് ഭാഗത്തെ വികസനപ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിന്റെ അധീനതിയിൽപെട്ട ഭൂമികൂടി ഉൾപ്പെട്ടതിനാൽ അതുമായി ബന്ധപ്പെട്ടവരുടെ യോഗവും വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. യോഗത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണ തേജ, ഡെപ്യൂട്ടി ഡയറക്ടർ എ ആർ സന്തോഷ്‌ലാൽ, ബി കെ ഗോപകുമാർ, ഡി ആർ ബിജോയ്, ആർ സി പ്രേംഭേഷ്, എ ഷാഹുൽ ഹമീദ്, എം ഹുസ്സൈൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News