ഗ്രാമചാരുതയിൽ
മണ്ണരങ്ങ്‌ ഒരുങ്ങി



തിരുവനന്തപുരം കലാവതരണങ്ങൾക്കായി ഭാരത്‌ ഭവനിൽ ‘മണ്ണരങ്ങ്‌’ ഒരുങ്ങി. 28 സംസ്ഥാനത്തെ പ്രതിനിധീകരിച്ചുള്ള ശിൽപ്പങ്ങളുടെയും ചിത്രങ്ങളുടെയും ലൈറ്റിങ്ങിന്റെയും മനോഹാരിതയിലാണ്‌ ഇക്കോ തിയറ്റർ ഒരുക്കിയിരിക്കുന്നത്‌.  മിസോറമിന്റെ ചെറോ ഡാൻസ്‌, കർണാടകത്തിന്റെ യക്ഷഗാനം, ഹരിയാനയിലെ ഫാഗ്‌ ഡാൻസ്‌ , ഹിമാചൽ പ്രദേശിന്റെ സിർമൗറി നാട്ടിഡാൻസ്‌, ഛത്തീസ്‌ഗഢിലെ ഗൗർ മരിയ ഡാൻസ്‌, സിക്കിമിന്റെ ബാർഡോചം, മേഘാലയത്തിന്റെ വാങ്കള ഡാൻസ്‌, ആന്ധ്രയുടെ തപ്പട്ട ഗുലു, അസമിന്റെ ബിഹു ഡാൻസ്‌, രാജസ്ഥാന്റെ ബവായ്‌ ഡാൻസ്‌, ത്രിപുരയുടെ ഹൊസാഗിരി, തെലങ്കാനയുടെ  ലംബാടി ഡാൻസ്‌, ബിഹാറിന്റെ ജാറ്റ്‌ ജറ്റിൻ ഡാൻസ്‌, ഉത്തർപ്രദേശിന്റെ കഥക്‌, മഹാരാഷ്‌ട്രയുടെ ജൊഗ്‌വ ഡാൻസ്‌, അരുണാചലിന്റെ റിഖം പട പരു, തമിഴ്‌നാടിന്റെ കരകം കാവടി, മധ്യപ്രദേശിന്റെ ബദായി ഡാൻസ്‌, ഉത്തരാഖണ്ഡിന്റെ ചപ്പേലി ഡാൻസ്‌, ജാർഖണ്ഡിന്റെ നാഗ്‌പുരി ഡാൻസ്‌ , പഞ്ചാബിന്റെ ബാങ്കര, പശ്‌ചിമ ബംഗാളിന്റെ ബൗൾസംഗീത്‌, മണിപ്പുരിയുടെ രാസലീല, ഗോവയുടെ ഗോഫ്‌ഗുൻതാൻ ഡാൻസ്‌, ഒഡിഷയുടെ സമ്പൽപുരി, ജമ്മു കശ്‌മീരിന്റെ റൗഫ്‌ ഡാൻസ്‌, ‌നാഗാലാൻഡിന്റെ മുഗ്യൻത ഡാൻസ്‌, ഗുജറാത്തിലെ റത്ത്വാ ഡാൻസ്‌ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്‌. കേരളത്തിന്റേത്‌  കേരളീയം എന്ന പേരിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. സാംസ്‌കാരിക ഇടനാഴിക്ക്‌ സമീപമുള്ള കിണറിന്റെ ചുറ്റുമതിലിൽ കുമാരാനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽനിന്നുള്ള ഒരുരംഗം കൊത്തിയിരിക്കുന്നു. ചണ്ഡാലഭിക്ഷുകി രചനയുടെ നൂറാം വർഷംകൂടിയാണിത്‌. തഞ്ചാവൂരിൽനിന്നുള്ള കലാകാരന്മാരും മാർത്താണ്ഡത്തിൽനിന്നുള്ളവരുമാണ്‌ ശിൽപ്പ നിർമാണം നടത്തിയത്‌. കലാസംവിധായകൻ അജിത്താണ്‌ നിർമാണപ്രവർത്തനം.മണ്ണരങ്ങിന്റെ ഉദ്‌ഘാടനം ജൂലൈ രണ്ടാംവാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.   കലാസമിതികൾക്കും കലാകാരന്മാർക്കും തിയറ്റർ ചെറിയ വാടകയ്‌ക്ക്‌ പ്രയോജനപ്പെടുത്താനാകുമെന്ന്‌ ഭാരത്‌ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ്‌ പയ്യന്നൂർ പറഞ്ഞു. ദേശീയ, അന്തർദേശീയതലത്തിൽ സാംസ്‌കാരിക വിനിമയ പരിപാടി ആഗസ്‌തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News