53.42 ലക്ഷം തൊഴിലന്വേഷകർ



  തിരുവനന്തപുരം കെ–- ഡിസ്കും കുടുംബശ്രീയും ചേർന്ന് നടത്തുന്ന ‘എന്റെ തൊഴിൽ, എന്റെ അഭിമാനം' ക്യാമ്പയിൻ ആദ്യഘട്ടം പൂർത്തിയായപ്പോൾ സംസ്ഥാനത്ത്‌ രജിസ്റ്റർ ചെയ്‌തത്‌ 53,42,094 തൊഴിലന്വേഷകർ. ഇവരിൽ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്മാരുമാണ്‌. 3578 ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവരും പട്ടികയിലുണ്ട്‌. 81,12,268 വീട്ടിലെത്തി 79,647 കുടുംബശ്രീ പ്രവർത്തകരാണ്‌ സർവേയ്ക്ക്‌ നേതൃത്വം നൽകിയത്‌‌. അഞ്ചുവർഷംകൊണ്ട്‌ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുകയാണ്‌ ലക്ഷ്യം. യുവതയ്ക്ക്‌ തൊഴിൽ നൽകാനുള്ള പദ്ധതിയിൽ സർക്കാരിനൊപ്പം പങ്കാളിയായ കുടുംബശ്രീ വളന്റിയർമാരെ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ അഭിനന്ദിച്ചു. രണ്ടാം ഘട്ടത്തിലേക്ക്‌  തൊഴിൽ അന്വേഷകരുടെ വിശദവിവരം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്ന രണ്ടാംഘട്ടം ഉടൻ ആരംഭിക്കും. അധിക യോഗ്യതയും പ്രവൃത്തിപരിചയവും ഉൾപ്പെടെയുള്ള വിവരങ്ങളാണ്‌ ശേഖരിക്കുക. തൊഴിൽ സർവേയിൽ രജിസ്റ്റർ ചെയ്തവരോട്‌ കുടുംബശ്രീ വളന്റിയർമാർ വിവരം തേടും. 40ൽ താഴെയുള്ള ബിരുദധാരികളുടെ വിവരം ജൂലൈ 31നകം അപ്‌ഡേറ്റ്‌ ചെയ്യും. ഒന്നാംഘട്ട സർവേയിലെ എന്യൂമറേറ്റർമാരിലെ ബിരുദധാരികളെയാണ്‌ ഇതിന്‌ നിയോഗിക്കുക‌. ഇവർക്ക്‌ ഉടൻ പരിശീലനം നൽകും. അധിക യോഗ്യത, പ്രവൃത്തി പരിചയം, അഭിരുചി, നൈപുണ്യം എന്നിവയോടൊപ്പം പ്രതീക്ഷിക്കുന്ന ശമ്പളവും ആപ്പിൽ രേഖപ്പെടുത്തും. കെ–- ഡിസ്കിന്റെ ഡിജിറ്റൽ വർക്ക്‌ ഫോഴ്സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റത്തിനായി ഡിജിറ്റൽ സർവകലാശാലയാണ്‌ ആപ്‌ തയ്യാറാക്കുന്നത്‌. തൊഴിൽദായകരെയും തൊഴിൽ അന്വേഷകരെയും ബന്ധിപ്പിക്കാനുള്ള പ്രധാന സങ്കേതമായി ആപ്പിനെ മാറ്റും. സ്വകാര്യ കമ്പനികൾക്കും ആപ്പിൽ ജോലിക്കാരെ തേടാനാകും. Read on deshabhimani.com

Related News