അഭിഭാഷകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു



  ആറ്റിങ്ങൽ സ്റ്റേഷനിൽ എത്തിയ അഭിഭാഷകനെ എസ്എച്ച്ഒ മർദിച്ചതിനെത്തുടർന്ന് അഭിഭാഷക യൂണിയൻ ആറ്റിങ്ങൽ പൊലീസ്‌ സ്‌റ്റേഷൻ ഉപരോധിച്ചു. എസ്എച്ച്ഒ യെ ഒരാഴ്ച റൂറൽ എസ്‌പി ഓഫീസിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. വ്യാഴം ഉച്ചയോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. മിഥുൻ മധുസൂദനൻ എന്ന അഭിഭാഷകൻ ആറ്റിങ്ങൽ സ്‌റ്റേഷനിൽ കേസിന്റെ വിവര ശേഖരണത്തിന് അപേക്ഷ നൽകി മടങ്ങവെ നേരത്തെയുള്ള വിരോധത്താൽ പാറാവുകാരൻ അഭിഭാഷകനെ തടഞ്ഞ്‌ തർക്കമുണ്ടായി. സംഭവമറിഞ്ഞ്‌ സ്റ്റേഷനിലെത്തിയ ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ കെ ആർ രാജ്മോഹനും മറ്റു ഭാരവഹികളും എസ്ഐയോട് സംസാരിച്ച്‌ പ്രശ്‌നത്തിൽ ഒത്തുതീർപ്പുണ്ടാക്കി. ഇവർ മടങ്ങാനൊരുങ്ങുമ്പോൾ, പാറാവുകാരനോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് സിവിൽഡ്രസിൽ ജീപ്പിലെത്തിയ എസ്എച്ച്ഒ പ്രതാപചന്ദ്രൻ ലാത്തികൊണ്ട് മിഥുനെ മർദിച്ചു. ഇതറിഞ്ഞ്‌ കൂടുതൽ അഭിഭാഷകർ പൊലീസ് സ്റ്റേഷന് മുന്നിൽ സംഘടിച്ചു. സ്ഥലത്തെത്തിയ ഡിവൈഎസ്‌പി സുനീഷ് കുമാർ അഭിഭാഷകരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്യണമെന്നും, പാറാവുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ വൈകിട്ട്‌ നാലിനുമുമ്പ്‌ ഇവ നടപ്പാക്കിയില്ലെങ്കിൽ സ്റ്റേഷൻ ഉപരോധിക്കുമെന്നും പ്രഖ്യാപിച്ച്‌ അഭിഭാഷകർ മടങ്ങി. നാലോടെ അഭിഭാഷകർ സ്റ്റേഷൻ ഉപരോധം ആരംഭിച്ചതോടെ വർക്കല ഡിവൈഎസ്‌പി നിയാസിന്റെകൂടി നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘവും എത്തി. ഉപരോധത്തിനിടെ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സ്റ്റുവർട്ട് സമരക്കാരുമായി ചർച്ച നടത്തുകയും എസ്എച്ച്ഒ പ്രതാപചന്ദ്രനെ ഒരാഴ്ചത്തേക്ക് ആറ്റിങ്ങൽ സ്റ്റേഷനിൽനിന്നും റൂറൽ എസ്‌പി ഓഫീസിലേക്ക് മാറ്റിനിർത്തുമെന്നും പറാവുകാരനെതിരെ പരാതി സീകരിച്ച് നടപടി സ്വീകരിക്കുമെന്നും പ്രതിഷേധക്കാരെ അറിയിച്ചു. തുടർന്ന് അഞ്ചരയോടെ അഭിഭാഷകർ പ്രതിഷേധം അവസാനിപ്പിച്ചു.   Read on deshabhimani.com

Related News