വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 
തട്ടിപ്പ്‌: പ്രതി പിടിയിൽ



തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ കോടികൾ തട്ടിയയാൾ പൊലീസ്‌ പിടിയിൽ. കുറുപുഴ  ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽകുമാറാ (42)ണ്‌ വലിയമല പൊലീസിന്റെ പിടിയിലായത്‌. ഉന്നത  ഉദ്യോഗസ്ഥനാണെന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും വിഎസ്‌എസ്‌സിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും  ഉദ്യോഗാർഥികളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌.  പ്രധാൻമന്ത്രി റോസ്‌ഗാർ പ്രോത്സാഹൻ യോജന പ്രകാരം വിഎസ്‌എസ്‌സിയുടെ തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നീ കേന്ദ്രങ്ങളിൽ സ്വീപ്പർ, പ്യൂൺ, പിആർഒ, അസിസ്റ്റന്റ്‌ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എൻജിനിയർ തുടങ്ങി വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള വിവിധ തസ്തികകളിൽ 750 ഒഴിവ്‌ ഉണ്ടെന്നും റിക്രൂട്ട്മെന്റ്‌ ബോർഡിലെ ഹെഡ് മുഖേന ജോലി വാങ്ങി കൊടുക്കാമെന്നുമായിരുന്നു വാഗ്‌ദാനം.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് വയനാട് ജില്ലകളിലെ നിരവധിപേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്‌. രണ്ടരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ പ്രതിയുടെ അക്കൗണ്ടുവഴി നടന്നിട്ടുള്ളതായും കൂടുതൽ പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും കണ്ടെത്തി. നേരിട്ടും നിരവധി പേരിൽനിന്ന്‌ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ട്. തുമ്പ വിഎസ്‌എസ്‌സി പിജിഎ സീനിയർ ഹെഡ് ബി അനിൽകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിയത്‌.   കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. അനിൽകുമാറിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.   നെടുമങ്ങാട് ഡിവൈഎസ്‌പി എം കെ സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ വലിയമല എസ്‌ഐ ജി സുനിൽ, സബ് ഇൻസ്‌പെക്ടർമാരായ എസ്‌ അൻസാർ, വി സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സനൽരാജ്,  സുജുകുമാർ എന്നിവരുടെ സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്.   Read on deshabhimani.com

Related News