നഗരസഭ ഭക്ഷണം വീട്ടിലെത്തിക്കും



തിരുവനന്തപുരം സംസ്ഥാനത്ത്‌ ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനമേറ്റടുത്ത്‌ തിരുവനന്തപുരം നഗരസഭ. തലസ്ഥാനത്തെ ആദ്യ സമൂഹ അടുക്കള തൈക്കാട്‌ എൽപി സ്‌കൂളിൽ വ്യാഴാഴ്‌ച വൈകിട്ട്‌ പാചകമാരംഭിച്ചു.  മേയർ കെ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്‌തു. 400 പേർക്കുള്ള ചപ്പാത്തിയും വെജിറ്റബിൾ കുറുമയുമാണ്‌ പാചകം ചെയ്‌തത്‌. യൂണിവേഴ്‌സിറ്റി കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന 202 പേർക്കും പുത്തരിക്കണ്ടം മൈതാനിയിൽ താമസിപ്പിച്ച 180 പേർക്കും ഇവ എത്തിച്ചു നൽകി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന 15 കുടുംബങ്ങൾക്ക്‌ ഭക്ഷണം അവരുടെ വീട്ടിൽ എത്തിച്ചുനൽകി. നഗരസഭയുടെ പാചകത്തൊഴിലാളികളാണ്‌ ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്‌. ഇവർക്കാവശ്യമായ മുഴുവൻ സുരക്ഷാ ക്രമീകരണവും നഗരസഭ ഒരുക്കിയിട്ടുണ്ട്‌. ആവശ്യമായ പച്ചക്കറിയും സാധനങ്ങളും നഗരസഭ നൽകും. വെള്ളിയാഴ്‌ച മുതൽ ഭക്ഷണമാവശ്യമുള്ളവർക്ക് സ്മാർട്ട് ട്രിവാൻഡ്രം ആപ്പിലെ കോവിഡ്‌ 19 ലിങ്ക്‌ വഴിയോ, www.covid19tvm.com എന്ന വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യാം. 9496434448, 9496434449, 9496434450 എന്നീ നമ്പറുകളിൽ വിളിച്ചാലും ഭക്ഷണം ലഭിക്കും. മൂന്ന്‌ നേരവും സൗജന്യമായാണ്‌ നഗരസഭ ഭക്ഷണം വിതരണം ചെയ്യുന്നത്‌. മണക്കാട് എൽപി സ്‌കൂൾ, കോട്ടൺഹിൽ സ്കൂൾ എന്നിവിടങ്ങളിലും നഗരസഭയുടെ ഹെൽത്ത് സർക്കിൾ തലത്തിലും സമൂഹ അടുക്കള ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഫെഫ്ക, കാറ്ററിങ് അസോസിയേഷൻ, കുടുംബശ്രീ തുടങ്ങിയവരുടെ അടുക്കള നഗരസഭയ്‌ക്ക് വിട്ടുനൽകി. 600 പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ സൗകര്യമുള്ള അടുക്കള സ്വകാര്യ വ്യക്തി നഗരസഭയ്‌ക്ക്‌ നൽകി. വാർഡ്‌ അടിസ്ഥാനത്തിൽ ഭക്ഷണമാവശ്യമുള്ളവരുടെ കണക്കെടുത്ത്‌ ഇവിടങ്ങളിലെല്ലാം സമൂഹ അടുക്കള ആരംഭിക്കും. Read on deshabhimani.com

Related News