73 പഞ്ചായത്തിലും സമൂഹ അടുക്കള



തിരുവനന്തപുരം  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി  ജില്ലയിലെ 73 പഞ്ചായത്തിലും സമൂഹ അടുക്കള ആരംഭിക്കും. വെള്ളിയാഴ്ച തുടക്കമാകും.  ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് വി കെ മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്  തീരുമാനം. ഓഡിറ്റോറിയങ്ങളുടെയും സ്കൂളുകളുടെയും അടുക്കളകളും ഡൈനിങ്‌ റൂമുകളും താൽക്കാലികമായി ഉപയോഗപ്പെടുത്തും. വീടുകളിൽ  നിരീക്ഷണത്തിലുള്ളവർക്ക്  ആവശ്യമനുസരിച്ച് സമൂഹ അടുക്കളയിൽനിന്ന് ഭക്ഷണം നൽകും. ഇതിനുപുറമെ ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവരുടെ പട്ടിക പഞ്ചായത്തുകൾ തയ്യാറാക്കിക്കഴിഞ്ഞു. അവർക്കും മൂന്നുനേരം ഭക്ഷണം എത്തിക്കും. ജില്ലാപഞ്ചായത്തിന്റെ  പാഥേയം പദ്ധതിയിൽ എല്ലാ ദിവസവും 6900 പേർക്ക് സൗജന്യമായി ഉച്ചയ്‌ക്ക് പൊതിച്ചോർ  നൽകുന്നുണ്ട്. ഇതിനായി ജില്ലാപഞ്ചായത്ത് തുക അനുവദിച്ചിട്ടുണ്ട്. 20 രൂപ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഭക്ഷണശാലകൾ തുടങ്ങുമെന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ആരംഭിക്കുന്ന സമൂഹ അടുക്കളകൾ ജനതാഹോട്ടലുകൾ എന്ന പേരിൽ അത്തരം ഭക്ഷണശാലകളായി തുടരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന സർക്കാർ നിർദേശിച്ചതനുസരിച്ച് ജില്ലയിലെ ത്രിതല പഞ്ചായത്തുകൾ നടപ്പാക്കിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. അലഞ്ഞുതിരിയുന്നവർക്കും  പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്നവർക്കും അഭയ കേന്ദ്രങ്ങൾ ഒരുക്കുന്ന പ്രവർത്തനം തുടരുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ 1475 പഞ്ചായത്തു വാർഡിലും  വളന്റിയർ ടീം സജ്ജമാക്കിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ നിരീക്ഷണവും ഈ സമിതികൾക്കാണ്. Read on deshabhimani.com

Related News