8927 പേർ നിരീക്ഷണത്തിൽ



തിരുവനന്തപുരം  കോവിഡ്‌ 19മായി ബന്ധപ്പെട്ട്‌ ജില്ലയിൽ 8927പേർ  നിരീക്ഷണത്തിൽ. എട്ടുപേർ 28 ദിവസ നിരീക്ഷണ കാലയളവ്‌ രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 7854പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. 1567പേർ പുതുതായി നിരീക്ഷണത്തിലായി. 34പേരെ രോഗലക്ഷണങ്ങളുമായി വ്യാഴാഴ്‌ച ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ 55 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ അഞ്ചുപേരും ചികിത്സയിലുണ്ട്‌. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നാലുപേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒമ്പത്‌ പേരും എസ്എടി ആശുപത്രിയിൽ എട്ടുപേരും കിംസ് ആശുപത്രിയിൽ നാലുപേരുമുൾപ്പെടെ ആകെ 114 പേരാണ്‌ ആശുപത്രികളിൽ ചികിത്സയിലുള്ളത്‌. 183 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1174 സാമ്പിളുകളിൽ 893 പരിശോധനാഫലം ലഭിച്ചു. വ്യാഴാഴ്‌ച ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്. 240 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. നേരത്തെ പോസിറ്റീവായവരിൽ  മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്. സാമ്പിൾ തുടർ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഇറ്റലിക്കാരനായ വ്യക്തിയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും വിമൻസ് ഹോസ്റ്റലിൽ 44 പേരെയും ഐഎംജി ഹോസ്റ്റലിൽ 66 പേരെയും വേളി സമേതി ഹോസ്റ്റലിൽ 20 പേരെയും മൺവിള കോ–- ഓപറേറ്റീവ്  ട്രെയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 17 പേരെയും താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ  റെയിൽവേ സ്റ്റേഷനിൽ  എത്തിയ 12 പേരെ സ്‌ക്രീൻ ചെയ്തു. അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-, കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങളിലായി 3365 വാഹനങ്ങളിലെ   5678 യാത്രക്കാരെ സ്ക്രീനിങ് നടത്തി. Read on deshabhimani.com

Related News