മാലാഖമാർക്ക്‌ കൂടൊരുക്കി



തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് താമസിക്കാൻ അനുവദിച്ച ഹോസ്റ്റലുകൾ ഡിവൈഎഫ്ഐ,- എൻജിഒ യൂണിയൻ പ്രവർത്തകർ ശുചീകരിച്ചു. പൊതുഗതാഗതം നിർത്തിവച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്ക് താമസിക്കാൻ വിദ്യാർഥികളുടെ ഹോസ്റ്റൽ അനുവദിച്ചിരുന്നു. ദൂരസ്ഥലങ്ങളിൽനിന്നും വരുന്ന ജീവനക്കാർക്കായാണ് മെൻസ് ഹോസ്റ്റൽ, വിമെൻസ് ഹോസ്റ്റൽ, നേഴ്സിങ്‌ ഹോസ്റ്റൽ. ക്വാർട്ടേഴ്സുകൾ എന്നിവിടങ്ങളിൽ താമസ സൗകര്യമൊരുക്കിയത്. കോളേജിന് അവധിയായതിനാൽ ഒഴിഞ്ഞു കിടക്കുന്ന ഹോസ്റ്റലുകൾ അധികൃതർ ജീവനക്കാർക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇവയാണ് വ്യാഴാഴ്ച ഡിവൈഎഫ്ഐയും എൻജിഒ യൂണിയനും ചേർന്ന് വൃത്തിയാക്കിയത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് വി വിനീത്, എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ പ്രസിഡന്റ് കെ എ ബിജുരാജ്, സംസ്ഥാനകമ്മിറ്റിയംഗം ജി ശ്രീകുമാർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹോസ്റ്റലുകളിൽ താമസിക്കുന്ന ജീവനക്കാർക്ക് അവിടെ ഭക്ഷണവും എത്തിച്ചു നൽകാനുള്ള നടപടികളും എൻ ജി ഒ യൂണിയൻ സ്വീകരിച്ചിട്ടുണ്ട്. ഐസൊലേഷൻ വാർഡിലേക്ക് യൂണിയൻ മെഡിക്കൽ കോളേജ് ഏരിയയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഭക്ഷണവിതരണം പതിനൊന്നാംദിവസവും മുടക്കമില്ലാതെ തുടർന്നു. Read on deshabhimani.com

Related News