നിര്‍ധന കുടുംബത്തിന് വൈദ്യുതി എത്തിച്ച് 
കെഎസ്ഇബി ജീവനക്കാര്‍



കിളിമാനൂർ വർഷങ്ങളായി വൈദ്യുതിയില്ലാത്തവീട്ടിൽ കഴിയുന്ന കുടുംബത്തിന് കൈത്താങ്ങായി കെഎസ്ഇബി ജീവനക്കാർ. മടവൂർ സെക്ഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സൗജന്യമായി വീട് വയറിങ്‌ ഉൾപ്പെടെ നടത്തിയാണ്‌ വൈദ്യുതി എത്തിച്ചത്‌.  കിളിമാനൂർ പോങ്ങനാട് സ്വദേശി മഞ്‌ജുവിന്റെ വീട്ടിലാണ്‌ വൈദ്യുതിയെത്തിച്ചത്‌.  ഭിന്നശേഷിക്കാരനായ മകൻ സഞ്‌ജു ഉൾപ്പെടെ  അഞ്ചുപേരാണ്‌ ഈ വീട്ടിൽ താമസിക്കുന്നത്‌. ടാർപ്പോളിൻകൊണ്ട് പൊതിഞ്ഞ  മൺകുടിലിലാണ്‌ ഇവർ താമസിക്കുന്നത്‌. കിളിമാനൂർ പഞ്ചായത്ത് എൽഡിഎഫ് ഭരിച്ചപ്പോൾ പഞ്ചായത്തിലെ ഭവന രഹിതർക്ക്‌ വീടൊരുക്കാൻ പോങ്ങനാട് തെന്നൂരിൽ 58 ലക്ഷം രൂപ മുടക്കി 1.45 ഏക്കർ വസ്‌തു വാങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയിച്ചതോടെ പദ്ധതി അവതാളത്തിലായി. കുടുംബത്തിന്റെ ദുരവസ്ഥ മനസ്സിലാക്കിയ പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി സത്യൻ കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ് എ‍ൻജിനിയർ ബിജുവിനെ ബന്ധപ്പെട്ടു.  തുടർന്നാണ്‌ മടവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാർ സ്ഥലം സന്ദർശിച്ച്‌ വേണ്ട നടപടികൾ ആരംഭിച്ചത്‌. കുടുംബത്തിന് അടച്ചുറപ്പുള്ളവീട്‌ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് ബി സത്യൻ അറിയിച്ചു.  Read on deshabhimani.com

Related News