ബാലസൗഹൃദ പൊലീസ് സ്റ്റേഷനായി വിഴിഞ്ഞം



കോവളം  വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ഇനി ബാലസൗഹൃദ സ്റ്റേഷനാണ്. ‌കുട്ടികൾക്ക് ആശങ്കയില്ലാതെ പൊലീസ് ഉദ്യോഗസ്ഥരുടെ അരികിൽ വരാനും അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും ഇവിടെ സാഹചര്യമൊരുങ്ങും. സ്റ്റേഷനുകളിൽ ബാലസൗഹൃദ അന്തരീക്ഷം വളർത്തുകയും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.    ബാലസൗഹൃദ പൊലീസ് സ്റ്റേഷൻ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചെറിയ കുട്ടികളുമായി എത്തുന്ന അമ്മമാർക്കും കുട്ടികൾക്കും വിശ്രമിക്കാൻ മുറി, കുട്ടികൾക്ക് കളിസ്ഥലം, വായനമുറി, കളിപ്പാട്ടങ്ങൾ, ശുചിമുറി തുടങ്ങിയവയുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കു കുട്ടികളുമായി സംവദിക്കാനും പ്രത്യേക സൗകര്യങ്ങളുണ്ട്. ‌   ശിശു സൗഹൃദ പാർക്ക്, കുട്ടികൾക്കായി ഊഞ്ഞാൽ ഉൾപ്പെടെ കളിസ്ഥലം, കളിപ്പാട്ടങ്ങൾ, കുട്ടികൾക്കു ചിത്രം വരയ്ക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.   സ്റ്റേഷൻ ബാലസൗഹൃദമാകുന്നതിന്റെ ഭാഗമായി സബ് ഇൻസ്‌പെക്ടർ ജോൺ ബ്രിട്ടോയെ ചൈൽഡ് വെൽഫെയർ ഓഫീസറായും സീനിയർ സിപിഒ രജിത എസ് മിനിയെ അസിസ്റ്റന്റ് ചൈൽഡ് വെൽഫെയർ ഓഫീസറായും നിയമിച്ചു.    സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ സമ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്ഐ സുരേഷ് കുമാർ, വിൻസെ​ന്റ് എംഎൽഎ, മുഹമ്മദ് ആരിഫ് എന്നിവർ പദ്ധതി വിശദീകരിച്ചു. ഫോർട്ട് അസി. പൊലീസ് കമീഷണർ എസ് ഷാജി, ശ്രീകുമാർ, വിനോദ്, നസീന ബീഗം എന്നിവർ സംസാരിച്ചു. കോട്ടപ്പുറം സെ​ന്റ് മേരീസ് സ്കൂൾ, വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വിപിഎസ്എച്ച്എസ്എസ് വെങ്ങാനൂർ, വി ആൻഡ് എച്ച്എസ്എസ് കോട്ടുകാൽ തുടങ്ങിയ സ്കൂളുകളിലെ പ്രതിനിധികളും പങ്കെടുത്തു. Read on deshabhimani.com

Related News