ലഹരിയുടെ വ്യാപ്‌തി കണ്ടെത്താൻ കുട്ടിപ്പൊലീസ്‌ വീടുകളിലേക്ക്‌



മലപ്പുറം കേരളത്തിൽ ലഹരി ഉപയോഗത്തിന്റെ വ്യാപ്‌തി കണ്ടെത്താൽ വിപുലമായ സർവേയുമായി സ്‌റ്റുഡന്റ് പൊലീസ്‌ കേഡറ്റ്‌. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിവരംതേടി ഒരുലക്ഷം വീടുകളിൽ കുട്ടിപൊലീസ്‌ എത്തും. എക്‌സൈസ്‌ വകുപ്പിനുകീഴിലെ വിമുക്തി മിഷന്റെ സഹായത്തോടെയാണ്‌ സർവേ. വിദ്യാർഥികൾക്കിടയിൽവരെ ലഹരി ഉപഭോഗം കൂടുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്‌ എസ്‌പിസിയുടെ സർവേ. സംസ്ഥാനത്ത്‌ 1000 സ്‌കൂളിൽ എസ്‌പിസി യൂണിറ്റുണ്ട്‌. ഒരു സ്‌കൂളിൽനിന്ന്‌ 20 കേഡറ്റുകളെ സർവേക്ക്‌ നിയോഗിക്കും. ഒരു കേഡറ്റ്‌ അവരുടെ പരിസരത്തെ അഞ്ചു വീടുകളിൽ സർവേ നടത്തും. ഇങ്ങനെ ഒരു സ്‌കൂൾ 100 വീട്‌ കവർചെയ്യും. സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, കൂലിപ്പണിക്കാർ, യുവാക്കൾ, വിദ്യാർഥികൾ, സ്‌ത്രീകൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിൽനിന്നും വിവരം ശേഖരിക്കും. കേഡറ്റുകൾക്ക്‌ സർവേക്കുള്ള പ്രത്യേക പരിശീലനം നൽകും. ചോദ്യാവലിയും തയ്യാറാക്കും. അധ്യാപകർക്കുള്ള പരിശീലനം പൂർത്തിയാവുന്നു. നിലവിൽ എക്‌സൈസ്‌ എൻഫോഴ്‌സ്‌മെന്റിന്റെയും മറ്റും അടിസ്ഥാനത്തിലാണ്‌ ലഹരിയുടെ വ്യാപ്‌തി വിലയിരുത്തുന്നത്‌.  സർവേയ്‌ക്കുശേഷം എക്‌സൈസ്‌ വകുപ്പിന്‌ വിപുലമായ റിപ്പോർട്ട്‌ സമർപ്പിക്കുമെന്ന്‌ സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ നോഡൽ ഓഫീസർ ഐജി പി വിജയൻ പറഞ്ഞു. രാജ്യത്തുതന്നെ ഇത്രയും വിപുലമായ സർവേ ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. Read on deshabhimani.com

Related News