ടൈറ്റാനിയം: തർക്കം തീർന്നു, മാലിന്യം ഇന്ന്‌ നീക്കും



തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിലെ ഓയിൽ ചോർച്ചയുമായി ബന്ധപ്പെട്ടുണ്ടായ മാലിന്യം നീക്കുന്നതിനെച്ചൊല്ലി പ്രദേശവാസികളും കമ്പനിയും തമ്മിലുണ്ടായ തർക്കം പരിഹരിച്ചു. ഫാക്ടറിയിൽനിന്നും ഫർണസ് ഓയിൽ ചോർന്ന്‌ കടലിലേക്ക് ഒഴുകിയ ഓടയിലെ മാലിന്യം വെള്ളിയാഴ്ചയോടെ പൂർണമായി നീക്കും. ഓട നാട്ടുകാർ മണ്ണിട്ട് അടച്ചതിനെത്തുടർന്ന്‌ കമ്പനിക്കുള്ളിൽനിന്ന് എണ്ണയും മാലിന്യം കലർന്ന മണ്ണും നീക്കാൻ കഴിഞ്ഞിരുന്നില്ല. മാലിന്യ നീക്കം പൂർണമാകാതിരുന്നതിനാൽ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനിക്ക്‌ നൽകിയിരുന്ന സ്റ്റോപ്പ് മെമ്മോ പിൻവലിച്ചിരുന്നില്ല. അതിനാൽ കമ്പനിയുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജി കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ്‌ കലക്ടറേറ്റിൽ യോഗം ചേർന്നത്. ഓടയിൽനിന്ന് എണ്ണ നീക്കം ചെയ്യുന്ന പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന് യോഗത്തിൽ പ്രദേശവാസികളുടെ പ്രതിനിധികൾ ഉറപ്പുനൽകി. എണ്ണ കടലിലേക്ക് ഒഴുകിയതിനെത്തുടർന്ന്‌ സമീപത്തെ ചില പ്രദേശങ്ങളിൽ രണ്ടുദിവസം മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക്‌ രണ്ടു ദിവസമുണ്ടായ തൊഴിൽ നഷ്ടത്തിനുള്ള പരിഹാരം നൽകാമെന്ന്‌ കമ്പനി യോഗത്തിൽ അറിയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും വില്ലേജ് ഓഫീസറും ചേർന്ന് ഒരാഴ്ചയ്‌ക്കകം ഇതിനുള്ള റിപ്പോർട്ട് തയാറാക്കും. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ കിണറുകളിൽ മാലിന്യ പ്രശ്നമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം വീടുകളിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ നേതൃത്വത്തിൽ കുടിവെള്ളമെത്തിക്കുമെന്നും അധികൃതർ പറഞ്ഞു. യോഗത്തിൽ വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ്, എസിപി കെ സദൻ, തഹസിൽദാർ കെ സുരേഷ്, ഫാ. ജോർജ് ഗോമസ്, ഫാ. പോൾ ജി, ഫാ. ഫെർണാഡ്, പ്രദേശവാസികളുടെ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News