വിളിച്ചുവരുത്തിയത്‌ 
കൊലപ്പെടുത്താൻ തന്നെ

ഗ്രീഷ്‌മയും ഷാരോണും


തിരുവനന്തപുരം പാറശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കാമുകി ഗ്രീഷ്‌മ വീട്ടിലേക്ക്‌ വിളിച്ച്‌ വരുത്തുകയായിരുന്നുവെന്ന്‌ കുറ്റപത്രം. സൈനികനായ യുവാവിന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാനായാണ്‌ കഷായത്തിൽ വിഷം കലർത്തി കൊന്നതെന്ന്‌ കുറ്റപത്രത്തിൽ പറയുന്നു. ഗ്രീഷ്‌മ അറസ്റ്റിലായതിന്റെ 85–-ാം ദിവസമാണ്‌ നെയ്യാറ്റിൻകര ജെഎഫ്‌സിഎം (രണ്ട്‌) കോടതിയിൽ അന്വേഷകസംഘം കുറ്റപത്രം നൽകിയത്‌. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്‌മയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്‌. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വി പി രാശിത്താണ്‌ 65 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്‌. 27ന്‌ കേസ്‌ വീണ്ടും പരിഗണിക്കും.ഗ്രീഷ്‌മയ്‌ക്ക്‌ പുറമെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരും കേസിൽ പ്രതികളാണ്‌. അറസ്റ്റിലായി 90 ദിവസത്തിന്‌ മുമ്പ്‌ കുറ്റപത്രം നൽകിയതിനാൽ മൂവരും ജയിലിൽ കഴിഞ്ഞുവേണം വിചാരണ നേരിടാൻ. ഷാരോണിനെ പ്രലോഭിപ്പിച്ച്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തിയത്‌ കൊലപ്പെടുത്തുകയെന്ന ലഷ്യത്തോടെയാണ്‌. ഇത്‌ തട്ടിക്കൊണ്ടുപോകലിന്‌ തുല്യമാണെന്ന് വിലയിരുത്തിയാണ്‌ ആ വകുപ്പ്‌ ചുമത്തിയിരിക്കുന്നത്‌.  കഴിഞ്ഞ ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലിലെ വീട്ടിൽവച്ച്‌ ഗ്രീഷ്‌മ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ കുടിപ്പിച്ചത്‌. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന്‌ 25ന് തിരുവനന്തപുരം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽവച്ച്‌ മരിക്കുകയുമായിരുന്നു. റൂറൽ പൊലീസ്‌ മേധാവി ഡി ശിൽപ്പയുടെയും കേസിന്‌ മേൽനോട്ടം വഹിച്ച അഡീഷണൽ എസ്‌പി സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേകാന്വേഷക സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ്‌ ഗ്രീഷ്‌മയും അമ്മയും അമ്മാവനും കുറ്റസമ്മതം നടത്തിയത്‌.  കോളേജിൽ പോയി വരുമ്പോൾ പലപ്പോഴും ജ്യൂസിൽ പാരസെറ്റമോൾ കലർത്തി നൽകിയിരുന്നു. അന്നും അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ്‌ വിഷം നൽകാൻ തീരുമാനിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.  അമ്മ  സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും ചേർന്ന് തെളിവുകൾ നശിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ്‌ ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്‌.   ‘കാർപ്പിക്’ കളനാശിനിയാണ് ഷാരോണിന്റെ ശരീരത്തിലുണ്ടായിരുന്നതെന്ന്‌ ഫോറൻസിക് ഡോക്ടറുടെ മൊഴി നിർണായകമായി. വിഷം കലക്കിയ കുപ്പി ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയച്ചിരിക്കുകയാണ്‌. ഫലം വിചാരണാവേളയിൽ കോടതി പരിശോധിക്കും.  Read on deshabhimani.com

Related News