സ്ത്രീകളെ ആക്രമിച്ച് മാല 
പൊട്ടിക്കുന്ന പ്രതി അറസ്റ്റിൽ



കിളിമാനൂർ പ്രായമായ സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിക്കുന്ന കേസിലെ പ്രതിയെ കിളിമാനൂർ പൊലീസും തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. എറണാകുളം  തൃപ്പൂണിത്തുറ, എരൂർ കൊച്ചേരിയിൽ വീട്ടിൽ സുജിത്ത് (39) ആണ് പിടിയിലായത്. വീട്ടിലും പരിസര പ്രദേശങ്ങളിലും  നിൽക്കുന്ന പ്രായമായ സ്ത്രീകളുടെയടുത്ത് പരിചയക്കാരനെപ്പോലെ കുശലാന്വേഷണത്തിനെത്തി ആക്രമിച്ച് മാലപൊട്ടിച്ച് ഇരുചക്രവാഹനത്തിൽ രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി. കിളിമാനൂർ പഴയകുന്നുമ്മേൽ  മേലേ പുതിയകാവ് കലാഭവനിൽ  ചന്ദ്രിക (70)യുടെ മാല പൊട്ടിച്ച കേസിലാണ് പിടിയിലായത്. ഒക്ടോബറിൽ കിളിമാനൂർ  അയ്യപ്പൻകാവ് നഗർ കുന്നുവിളവീട്ടിൽ  പൊന്നമ്മ (85)യെ ആക്രമിച്ച് മാലപൊട്ടിച്ചതും ഇയാളാണെന്ന് തെളിഞ്ഞു. ചാലക്കുടിക്ക് സമീപം മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മാലപിടിച്ചുപറി, വാഹനമോഷണം,  പോക്സോ, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. അടൂരിൽ മാലപൊട്ടിച്ചതിന് പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചശേഷം  മാസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്. നേരത്തേ കിളിമാനൂർ ചൂട്ടയിൽ ഭാഗത്ത് ഇരുചക്രവാഹനങ്ങളുടെ  വർക്ക്ഷോപ്പ്‌ നടത്തിയിരുന്നു.  ഇരുചക്ര വാഹനമോഷണത്തിലും വിദഗ്ധനാണ്.  കിളിമാനൂർ  ഇൻസ്പെക്ടർ എസ് സനൂജ്, സബ്ബ് ഇൻസ്പെക്ടർ വിജിത് കെ നായർ, ടി കെ ഷാജി, എഎസ്ഐ ഷജീം, സിപിഒ മാരായ റിയാസ് ദിനേശ് , കിരൺ, ഷിജു  ഡാൻസാഫ് ടീമിലെ സബ്ബ് ഇൻസ്പെക്ടർ എം ഫിറോസ് ഖാൻ, എഎസ്ഐ ബി ദിലീപ്, സിപിഒ ഷിജു, വിനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. Read on deshabhimani.com

Related News