ഐഎഎസ്, കെഎഎസ് പരിശീലനത്തിന് പ്രത്യേക പദ്ധതി



വെള്ളറട ഐഎഎസ്, കെഎഎസ് പരിശീലനത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള ബജറ്റിലൂടെ കെെയടി നേടി കുന്നത്തുകാൽ  പഞ്ചായത്ത്. ആധുനിക സൗകര്യങ്ങളോടെയുള്ള സിവിൽ സർവീസ്, കെഎഎസ് പരിശീലനകേന്ദ്രം ഏപ്രിലില്‍ ആരംഭിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തി.    കൂടാതെ പ്രൈമറി തലംമുതൽ വിദ്യാർഥികൾക്ക് ശാസ്ത്രകൗതുകവും പരിശീലനവും നൽകുക എന്ന ഉദ്ദ്യേശത്തോടെ പ്രവർത്തിക്കുന്ന പി കുട്ടൻ സർ പ്രാഥമിക ശാസ്ത്രഗവേഷണ കേന്ദ്രത്തിനെ മാതൃകാ ഗവേഷണ കേന്ദ്രമാക്കാനും തുക വകയിരുത്തി. നിലമാംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക മന്ദിരത്തെ ചരിത്ര ഗവേഷണ കേന്ദ്രമാക്കും.  ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും മാനസിക ഉല്ലാസത്തിനുമായുള്ള പാക്കേജുകൾ ഉൾപ്പെടെ ബഡ്സ് സ്കൂൾ പുതിയ മന്ദിരത്തിലേക്ക് മാറ്റും. പരമ്പരാഗത ജലസ്രോതസ്സുകൾ സംരക്ഷിക്കും. കാർഷിക മേഖലയ്ക്കും പ്രത്യേകം പാക്കേജുകൾ ഉൾപ്പെടുത്തി.   വാതക ശ്മശാനം ചുറ്റുമതിലും പൂന്തോട്ടവും ഉൾപ്പെടെ പൂർത്തിയാക്കുന്നതിന് തുക വകയിരുത്തി. ഓണത്തിന് കുടുംബശ്രീയോടൊപ്പം കുന്നത്തുകാലിന്റെ സാമൂഹിക സാംസ്കാരിക പ്രഭാവം ഉയർത്തുന്ന കൾച്ചറൽ കാർണിവൽ നടത്താനും ബജറ്റിൽ നിർദേശമുണ്ട്. വൈസ് പ്രസിഡന്റ് ജി കുമാർ അവതരിപ്പിച്ച ബജറ്റിൽ 14.27 കോടി വരവും 11.38 കോടി ചെലവുമാണ് പ്രതീക്ഷിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആർ അമ്പിളി അധ്യക്ഷനായി.   Read on deshabhimani.com

Related News