എന്തു തടസ്സമുണ്ടായാലും വികസനവുമായി 
മുന്നോട്ട്‌: മന്ത്രി മുഹമ്മദ് റിയാസ്



വിളപ്പിൽ എന്തൊക്കെ തടസ്സമുണ്ടായാലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാട്ടാക്കട, വട്ടിയൂർക്കാവ് മണ്ഡലങ്ങളെ ബന്ധിപ്പിച്ച് കരമനയാറിന് കുറുകെ നിർമിച്ച കുലശേഖരം പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വർഷത്തിനുള്ളിൽ നൂറു പാലം പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിച്ചത്. എന്നാൽ, രണ്ടു വർഷത്തിനിടെ 600 കോടി 75 ലക്ഷം രൂപ ചെലവഴിച്ച് 51 പാലം ഇതുവരെ പൂർത്തിയാക്കി. ചെറുതും വലുതുമായ 144 പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതിനായി 1208 കോടി ചെലവഴിച്ചു. 782.50 കോടിയുടെ 85 പ്രവൃത്തിക്കും ഭരണാനുമതി നൽകി.  കുലശേഖരം - വട്ടിയൂർക്കാവ് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആധുനിക രീതിയിൽ നവീകരിക്കാൻ രണ്ടു കോടിയും കാട്ടാക്കട–-മലയിൻകീഴ്–- കുഴക്കാട് ടെമ്പിൾ റോഡ് നവീകരണത്തിന് 1.6 കോടിയും അനുവദിച്ചതായും മന്ത്രി പറഞ്ഞു. പുതിയ പാലത്തിലൂടെ സർവീസ് തുടങ്ങിയ രണ്ട് കെഎസ്ആർടിസി ബസുകളും മന്ത്രി ഫ്ലാഗ് ഓഫ്ചെയ്‌തു.  പേയാട്, കാട്ടാക്കട ഭാഗത്തേക്കുള്ള യാത്രാദൂരം 10 കിലോമീറ്ററോളം കുറയ്‌ക്കാൻ സഹായിക്കുന്നതാണ് കുലശേഖരം പാലം. തിരുമല - കുണ്ടമൺകടവ് ഭാഗങ്ങളിലെ വാഹനത്തിരക്ക് കുറയ്‌ക്കാനുമാകും. 12.5 കോടിയാണ് നിർമാണച്ചെലവ്.  പാലത്തിന്റെ ഇരുകരകളിലുമായി 500 മീറ്റർ നീളത്തിൽ അനുബന്ധ റോഡിന്റെ ടാറിങ്‌, കാൽ നടയാത്രക്കാർക്കു വേണ്ടിയുള്ള നടപ്പാത, പെയിന്റിങ്‌, ട്രാഫിക് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും പൂർത്തിയാക്കി. ചടങ്ങിൽ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ എന്നിവരും സംസാരിച്ചു.   Read on deshabhimani.com

Related News