പമ്പ് മാനേജരിൽനിന്ന് 
രണ്ടര ലക്ഷം രൂപ കവർന്നു



മംഗലപുരം കണിയാപുരത്ത് പട്ടാപ്പകൽ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ കവർന്നു. വ്യാഴം വൈകിട്ട്‌ മൂന്നരയോടെ കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിലായിരുന്നു കവർച്ച. കണിയാപുരം ഇന്ത്യൻ ഓയിൽ കമ്പനിയുടെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിൽ അടയ്‌ക്കാൻ പോകവേ സ്‌കൂട്ടറിലെത്തിയ രണ്ടുപേർ പണം തട്ടിയെടുക്കുകയായിരുന്നു. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോൾ പണം തട്ടിപ്പറിക്കുകയായിരുന്നു. സ്റ്റാർട്ട് ചെയ്‌തുവച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടൻ ഇവർ കടന്നു കളഞ്ഞു. ഷാ പുറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയിരുന്നു. മംഗലപുരം പൊലീസ്‌ ദൃശ്യങ്ങൾ പരിശോധിച്ചു.   മോഷ്‌ടാക്കൾ സഞ്ചരിച്ച സ്‌കൂട്ടർ പോത്തൻകോട് പൂലന്തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന്  പൂലന്തറയിലെ ഓട്ടോ സ്റ്റാൻഡിൽനിന്നും ഇവർ ഓട്ടോയിൽ വെഞ്ഞാറമൂട് കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങിയതായി കണ്ടെത്തി. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ നാലു ദിവസം മുമ്പ്‌ കിളിമാനൂർ നഗരൂരിൽനിന്നും മോഷ്‌ടിച്ചതാണെന്ന്‌ കണ്ടെത്തി. മംഗലപുരം പൊലീസ് അന്വേഷണം നടത്തുന്നു. Read on deshabhimani.com

Related News