സോളാർവഴി വീടുകളിൽ 
വരുമാനം വർധിപ്പിക്കാം: മന്ത്രി

കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി അഞ്ച് പഞ്ചായത്തിൽ സോളാർ നിലയം സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം 
മന്ത്രി കെ കൃഷ്‌ണൻകുട്ടി നിർവഹിക്കുന്നു


  കാട്ടാക്കട  എല്ലാ വീടുകളിലും സോളാർ സജ്ജമാക്കിയാൽ കുടുംബത്തിലെ ചെലവ് കുറച്ച്‌ വരുമാനം വർധിപ്പിക്കാമെന്നും ഇതിനായി വായ്‌പാ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി. കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിൽ 56 സോളാർ നിലയം സ്ഥാപിക്കുന്നതിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തിൽ 70 ശതമാനവും വൈദ്യുതി പുറത്തുനിന്ന്‌ വാങ്ങുകയാണ്‌. ഇനി കൽക്കരികൊണ്ടുള്ള വൈദ്യുതിക്ക്‌ ടെൻഡർ വിളിക്കും. അങ്ങനെ വന്നാൽ ഒരു യൂണിറ്റിയിന് 15 രൂപ മുതൽ 20 വരെ തുക വരാം. പത്ര സുഹൃത്തുക്കളും പരിസ്ഥിതി പ്രവർത്തകരും ചേർന്ന്‌ പല വൈദ്യുത പദ്ധതികളും തടസ്സപ്പെടുത്തുകയാണ്‌.  പരിസ്ഥിതിയുടെ തടസ്സം പറയുന്ന ആളുകൾ കൽക്കരികൊണ്ട്‌ കത്തിക്കുന്ന വൈദ്യുതിയുടെ  ദോഷത്തെക്കുറിച്ച്‌ ചർച്ച ചെയ്യുന്നില്ലെന്നും മന്ത്രി പറഞ്ഞു. അമ്പത്താറ്‌ സ്ഥാപനത്തിലായി 455 കിലോ വാട്ട് ശേഷിയുള്ള സോളാർ നിലയങ്ങളാണ് സ്ഥാപിക്കുന്നത്. സംസ്ഥാന ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി.  സംസ്ഥാനത്ത്‌ സോളാർവഴി നിലവിൽ ഉൽപ്പാദിക്കുന്ന വൈദ്യുതി ഈ ആറ്‌ പഞ്ചായത്തിൽനിന്നുമാത്രം ഉൽപ്പാദിക്കാം. 6.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഒരു വർഷം ഉൽപ്പാദിപ്പിക്കാനും കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം വർഷം 510 ടൺ കുറയ്ക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.  ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഡി സുരേഷ് കുമാർ, എസ് കെ പ്രീജ, എസ് ഇന്ദുലേഖ, കെ അനിൽകുമാർ, ആർ സുകു, വിളപ്പിൽ രാധാകൃഷ്ണൻ, രാധിക, ഇ നിസാമുദ്ദീൻ, എസ് വിജയകുമാർ, ജെ ഹരികുമാർ, കാട്ടാക്കട മധു, അഡ്വ. ഫാസിൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News