വിഴിഞ്ഞം സിഎച്ച്‌സിക്ക്‌ ബഹുനില 
മന്ദിരം ഒരുങ്ങുന്നു

വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതുതായി നിർമിക്കുന്ന ബഹുനിലമന്ദിരം


കോവളം  വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതുതായി സജ്ജമാകുന്നത് നാലു നില മന്ദിരം. കുട്ടികളുടേത് അടക്കം വാർഡുകൾ, പ്രസവ മുറി, ഓപ്പറേഷൻ തിയറ്റർ സമുച്ചയം, ലബോറട്ടറി, ഫാർമസി സൗകര്യങ്ങൾ എന്നിവ അടങ്ങുന്നതാണ് പുതിയ മന്ദിരം. പാർക്കിങ്ങിനും വിശാല സൗകര്യമുണ്ടാകും.  ഫിഷറീസ് ഫണ്ട് വിനിയോഗിച്ച് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെകാലത്ത്‌ മൂന്ന്‌ നിലയിലായിട്ടാണ് കെട്ടിടം പണി ആരംഭിച്ചത്. 2018 ലാണ് മന്ദിരത്തിന് തറക്കല്ലിട്ടത്. തുടർന്ന് അദാനി തുറമുഖ കമ്പനി സാമൂഹ്യ പ്രതിബന്ധത ഫണ്ട് വിനിയോഗിച്ച് നാലാം നില നിർമാണ വാഗ്ദാനം നൽകുകയായിരുന്നു.  ഭൂഗർഭ നിലയിലാണ് പാർക്കിങ് സൗകര്യം. അഞ്ച്‌ ഒപി ഉൾപ്പെടുന്നതാണ് ഒന്നാം നില. ലാബ് സമുച്ചയവും ഇവിടെ സജ്ജീകരിക്കും. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവർക്കായി 36 കിടക്കയുള്ളതാണ് രണ്ടാം നില. പ്രസവ മുറി കൂടാതെ രണ്ട്‌ ഓപ്പറേഷൻ തിയറ്ററും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെട്ടതാണ് മൂന്നാം നില.  6,600 ചതുരശ്ര അടിയുള്ളതാണ് ഓരോ നിലയും. ഭൂഗർഭ നിലയിലെ പാർക്കിങ് കൂടാതെ പഴയ ലാബ് മന്ദിരം മാറുന്ന സ്ഥലത്തും പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. ലിഫ്റ്റ് സൗകര്യവും ഉണ്ടാകും.  7.79 കോടിയുടേതാണ് പദ്ധതി. ഫിഷറീസ് വകുപ്പ് 4.82 കോടിയും അദാനി തുറമുഖ കമ്പനി 2.97 കോടിയും ചെലവിടും എന്ന് ഹാർബർ എൻജിനിയറിങ്‌ അധികൃതർ പറഞ്ഞു. ആറു മാസത്തിനകം കെട്ടിടം ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News