പട്ടയത്തിന്റെ പേരിൽ തട്ടിപ്പിൽ
നടപടി വേണം: എകെഎസ്‌



തിരുവനന്തപുരം പട്ടയം ലഭ്യമാക്കാമെന്ന്‌ തെറ്റിധരിപ്പിച്ച്‌ ആദിവാസികളിൽനിന്ന്‌ പണം തട്ടുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആദിവാസി ക്ഷേമസമിതി (എകെഎസ്‌). സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകി. ജില്ല കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പേര്‌ പറഞ്ഞാണ്‌ തട്ടിപ്പെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര വനാവകാശ നിയമപ്രകാരം കൈവശരേഖ ലഭിച്ച ആദിവാസികൾക്കിടയിലാണ്‌ തട്ടിപ്പ്‌. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയം ലഭ്യമാക്കാൻ ഉത്തരവ്‌ ഇറക്കിയതായാണ്‌ പ്രചാരണം. ഇതിനായി വില്ലേജ്‌ ഓഫീസുകൾ കേന്ദ്രീകരിച്ച്‌ അപേക്ഷാ ഫോറം വിതരണം ചെയ്‌ത്‌, തിരികെവാങ്ങി കൈപ്പറ്റ്‌ രസീത്‌ കൊടുക്കുന്ന രീതിയുമുണ്ട്‌. സംഘടനയുടെ ഭാരവാഹികൾ നേരിട്ട്‌ ഊരുകൂട്ടം വിളിച്ച്‌ വ്യാജപ്രചാരണം നടത്തി പണപ്പിരിവ്‌ നടത്തുന്നുണ്ട്‌.  പ്രശ്‌നത്തിൽ റവന്യു, പട്ടികവർഗ വകുപ്പുകളുടെ ഇടപെടൽ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.  വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക്‌ ലഭിച്ച കൈവശാവകാശ രേഖ ഡിജിറ്റലൈസ്‌ ചെയ്യുന്നതിനുമുമ്പ്‌, അവയുടെ അപാകതകൾ പരിഹരിക്കണമെന്നും എകെഎസ്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News