കാർ പാഞ്ഞുകയറി: 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

പരിക്കേറ്റ ശാരദ


  കോവളം  മദ്യപിച്ച് ലക്കുകെട്ട യുവാവ് ഓടിച്ച കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറി രണ്ടു പേർക്ക് പരിക്ക്. മണ്ണക്കല്ല് സ്വദേശിനികളായ സാവിത്രി (62), ശാരദ (62) എന്നിവർക്കാണ്‌ പരിക്കേറ്റത്‌. ഇതിൽ ശാരദയുടെ കാലിന് പൊട്ടലുണ്ട്. അമിതവേഗത്തിൽ കാർ വരുന്നത് കണ്ട് മറ്റ് തൊഴിലാളികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. നിർത്താതെ കാർ ഓടിച്ചുപോയ മണ്ണക്കല്ല് സ്വദേശി കിരണിനെ  തൊഴിലുറപ്പ് തൊഴിലാളികൾ വീട്ടിലെത്തി തടഞ്ഞുവച്ച്‌ പൊലീസിന് കൈമാറി.  വിഴിഞ്ഞം പയറ്റുവിള മണ്ണക്കല്ലിൽ ബുധൻ ഉച്ചയോടെയാണ് സംഭവം. രാവിലെ മുതൽ മണ്ണക്കല്ല് തോട് വൃത്തിയാക്കുന്ന ജോലിയിലായിരുന്നു 53 തൊഴിലാളികൾ. ഉച്ചഭക്ഷണത്തിന് ശേഷം റോഡരികിൽ ഇരിക്കുമ്പോഴാണ് അപകടം. കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. സാവിത്രിയുടെയും ശാരദയുടെയും കാലിലൂടെയാണ് കാർ കയറിയിറങ്ങിയത്. ഇവരെ നാട്ടുകാർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു.  കാഞ്ഞിരംകുളം പൊലീസ് കിരണിനെ കസ്റ്റഡിയിൽ എടുത്തു. ശാരദയെ ശസ്ത്രക്രിയയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. Read on deshabhimani.com

Related News