ദാഹിക്കുന്നവരേ വരൂ ഈ മതിലോരത്ത്‌

സെയ്ദ് മുഹമ്മദ്‌ സാദിഖും ഭാര്യ സുൽഫത്തും വീടിന്‌ മുന്നിലെ 
കുടിവെള്ള വിതരണ ടാപ്പിന്‌ സമീപം


തിരുവനന്തപുരം  ചാക്കയിൽ എയർപോർട്ട്‌ റോഡിലൂടെ പോകുന്ന വഴിയാത്രികർക്ക്‌ ദാഹമകറ്റാൻ ഏത്‌ സമയവും വെള്ളം ഇവിടെയുണ്ട്‌, ചൂടുവെള്ളവും തണുത്തവെള്ളവും. ദുബായിൽ ബിസിനസ്‌ ചെയ്യുന്ന ചാക്ക സ്വദേശി സെയ്‌ദ്‌ മുഹമ്മദ്‌ സാദിഖ്‌ (കുഞ്ഞുമോൻ) ആണ്‌ ഈ സൗകര്യമൊരുക്കിയത്‌. മുക്കാൽ ലക്ഷത്തോളം രൂപ ചെലവായെങ്കിലും ആരും ദാഹിച്ചുവലയില്ലെന്നതാണ്‌ ആശ്വാസം.  ഒരു വർഷം മുമ്പാണ്‌ ചാക്ക ഐടിഐക്ക്‌ സമീപം പുതിയ വീടുവച്ചത്‌. മതിലിൽ ചൂട്‌ വെള്ളവും തണുത്ത വെള്ളവുമെടുക്കാൻ പ്രത്യേകം പൈപ്പുകളും കപ്പും തയ്യാറാക്കി.  മതിലിന്‌ പിന്നിൽ വെള്ളം ശുദ്ധീകരിക്കാനുള്ള ഫിൽറ്റർ സംവിധാനവുമുണ്ട്‌. ഗൾഫിൽ പലയിടത്തും ഇത്തരത്തിൽ വെള്ളം നൽകുന്നത്‌ കണ്ടാണ്‌ വീട്‌ നിർമാണ ഘട്ടത്തിൽ ഈ ആശയം പ്രാവർത്തികമാക്കിയതെന്ന്‌ സാദിഖ്‌ പറയുന്നു. നിരവധിയാളുകൾ കുപ്പിവെള്ളം വാങ്ങിയാണ്‌ ദാഹമകറ്റുന്നത്‌.  എന്നാൽ, ഇതിന്‌ സാധിക്കാത്തവരുമുണ്ട്‌. അവരെയുദ്ദേശിച്ചാണ്‌ വിതരണം തുടങ്ങിയത്‌. വിദ്യാർഥികളും തൊഴിലാളികളും ഡ്രൈവർമാരുമടക്കം നിരവധിയാളുകൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്‌. സഹോദരൻ നാസറിന്റെ വീട്ടിലും നേരത്തെ ഇത്തരത്തിൽ സൗകര്യമൊരുക്കിയിരുന്നു. ഭാര്യ സുൽഫത്തും മക്കളായ നബിലും സബിലും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്‌. Read on deshabhimani.com

Related News