മഴക്കെടുതി; പ്രദേശങ്ങൾ സന്ദർശിച്ചു



കോവളം വിഴിഞ്ഞം പ്രദേശത്ത് മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സന്ദർശിച്ചു.  വിഴിഞ്ഞം കോട്ടപ്പുറം, കരിമ്പള്ളിക്കര തുടങ്ങിയ പ്രദേശങ്ങളാണ് സന്ദർശിച്ചത്. ഇവർക്ക് വേണ്ട എല്ലാ സഹായവും ചെയ്യുന്നതിന് ജില്ലാ കമ്മിറ്റി ശ്രമിക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും ഇവർ സന്ദർശിച്ചു. ഏറെ നാശനഷ്ടമുണ്ടായ കോട്ടപ്പുറം വയലിൻകരയിലെ 39 കുടുംബത്തിന്‌ പുനരധിവാസ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് മേയർ പറഞ്ഞു. ഇവർ ഇപ്പോൾ താമസിക്കുന്ന സ്ഥലം വെളളപ്പൊക്കമേഖലയായി മാറി. ഇവിടം അദാനി തുറമുഖ കമ്പനിക്കോ വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡിനോ കൈമാറാനാണ് ആലോചിക്കുന്നത്. അവർ സ്ഥലം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പുനരധിവാസത്തെക്കുറിച്ച് നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യും. നഗരസഭയുടെ സാങ്കേതിവിഭാഗം പരിശോധന നടത്തുമെന്നും മേയർ പറഞ്ഞു.  മഴയിൽ വീട് പാടെ തകർന്ന മൂന്നു കുടുംബം ഇപ്പോൾ ക്യാമ്പിലാണ്. ഇവരെ വാടക വീടുകളിലേക്ക് മാറ്റും. വാടക നഗരസഭ നൽകും. സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, വണ്ടിത്തടം മധു, എസ് സലിം, യു സുധീർ, പനിയടിമ എന്നിവരും ഒപ്പമുണ്ടായി.   Read on deshabhimani.com

Related News