ഏഷ്യയെ വരവേൽക്കാൻ

ഏഷ്യൻ മൗണ്ടന്‍ ബൈക്ക് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനെത്തിയ ചെെനീസ് ടീം അംഗങ്ങൾ പരിശീലകർക്കൊപ്പം


തിരുവനന്തപുരം കുത്തനെയുള്ള കയറ്റങ്ങളും കീഴ്‌ക്കാംതൂക്കായ ഇറക്കവുമെല്ലാം അനായാസം സൈക്കിളിൽ ചുറ്റിയടിക്കുന്ന കായികതാരങ്ങൾ. പൊന്മുടിക്കാരും ഏറെക്കുറെ മലയാളികളും ആദ്യമായി കാണുകയാണ്‌ ഈ കായികവിനോദം. കഴിഞ്ഞ കുറച്ചുദിവസമായി പൊന്മുടിക്കാരുടെ ചർച്ച മുഴുവൻ സൈക്ലിങ്‌ ചാമ്പ്യൻഷിപ്പിനെക്കുറിച്ചാണ്‌. വെറും സൈക്കിൾ അല്ല, മൗണ്ടൻ ബൈക്ക് സൈക്കിളാണ്‌ താരം.  ഇന്ത്യയിൽ ആദ്യമായി നടത്തുന്ന ഏഷ്യൻ  മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിനു വേദിയാകാൻ അവസരം ലഭിച്ചത്‌ പൊന്മുടിക്കാണ്‌. 26 മുതൽ 29 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയിലെ 20 രാജ്യത്തുനിന്നുള്ള 250  താരങ്ങൾ പങ്കെടുക്കും. ഇന്ത്യൻ ടീം ഒരുമാസം മുമ്പുതന്നെ പരിശീലനം ആരംഭിച്ചു. കഴിഞ്ഞദിവസം ചൈനയുടെയും ദക്ഷിണകൊറിയയുടെയും സംഘവും എത്തിയതോടെ സംഗതി കളറായി.  16 റൈഡേഴ്‌സും ഒമ്പത് ഒഫിഷ്യലുകളുമടക്കം 25 പേരുടെ സംഘമാണ്‌ ചൈനയിൽനിന്ന്‌ എത്തിയത്‌. 15 പേരാണ്‌ കൊറിയൻ ടീമിൽ ഉള്ളത്‌.  20 പുരുഷ റൈഡർമാരും 11 വനിതാ റൈഡർമാരും ഉൾപ്പെടെ ഇന്ത്യൻ ടീമിൽ 31 അംഗങ്ങളുണ്ട്‌.   തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലായി മറ്റു രാജ്യങ്ങളിലെ താരങ്ങളും എത്തും. കർണാടക സ്വദേശി കിരൺകുമാർ രാജുവും പട്യാല നാഷണൽ സെന്റർ ഓഫ് എക്‌സലൻസിൽനിന്നുള്ള പൂനം റാണയുമാണ് ഇന്ത്യയുടെ പരിശീലകർ. ബുധനാഴ്‌ച  ഹോട്ടൽ ഹൈസിന്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ് ഉദ്‌ഘാടനംചെയ്യും. 20 രാജ്യത്തെ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.    ചൈന ടീം പറഞ്ഞു; പൊന്മുടി സൂപ്പർ  തിരുവനന്തപുരം ഏഷ്യൻ  മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന്‌ വേദിയാകുന്നതിലൂടെ പൊന്മുടിയെ തേടിയെത്തുന്നത്‌ ലോക വിനോദസഞ്ചാരമേഖലയിലേക്കുള്ള വാതിലാണ്‌.  പൊന്മുടിയിലെ അന്തരീക്ഷവും ട്രാക്കും വളരെ മികച്ച തെന്നാണ്‌ ചൈനീസ്‌ പരിശീലകൻ യി ജിയാനിന്റെ അഭിപ്രായം.  ചൈനയേക്കാളും യൂറോപ്പിനേക്കാളും മികച്ച ട്രാക്കാണ് പൊന്മുടിയിൽ ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.  പൊന്മുടി ആസ്വദിക്കാനും ചൈനീസ്‌ പരിശീലകനും മറ്റ്‌ അധികൃതരും സമയം കണ്ടെത്തി. ടീം അംഗങ്ങൾ റോഡിലും പരിശീലനം നടത്തി. Read on deshabhimani.com

Related News