എക്സ്റേ മെഷീൻ ഫ്രെയിം തട്ടി യുവതിക്ക് പരിക്കേറ്റെന്ന്‌ പരാതി



ചിറയിൻകീഴ്  ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എക്സ്റേ എടുക്കുന്നതിനിടെ മെഷീനിൽ നിന്ന് ഫ്രെയിം ഇളകി വീണ് നട്ടെല്ലിന് പരിക്കുപറ്റിയതായി പരാതി.  ഇക്കഴിഞ്ഞ 11 നാണ് സംഭവം. മീൻമുള്ള് തൊണ്ടയിൽ കുടുങ്ങിയതിനെ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തിയ കിഴുവിലം കുന്തള്ളൂർ പടനിലം സ്വദേശിനിയായ നേഴ്സിങ്‌ വിദ്യാർഥിനിആദിത്യയ്ക്കാണ് പരിക്കേറ്റത്‌. എക്സ്റേ എടുക്കാൻ നിൽക്കുന്നതിനിടെ മെഷീനിന്റെ ഒരു ഭാഗം ഇളകി വീണ് നടുവിൽ ഇടിച്ചെന്നും നടക്കാൻ പ്രായസമാണെന്നും വിദ്യാർഥിനി അറിയിക്കുകയായിരുന്നു.  തുടർന്ന് അസ്ഥിരോഗ വിഭാഗത്തിൽ പരിശോധന നടത്തിയപ്പോൾ നട്ടെല്ലിന്‌ ക്ഷതമേറ്റിട്ടുള്ളതായി കണ്ടെത്തി. തുടർന്ന്‌ ഡോക്‌ടർ ബെൽറ്റ് ധരിച്ച് വിശ്രമം നിർദേശിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച കാരണമാണ് നട്ടെല്ലിന് പരുക്കേറ്റതെന്ന് കാണിച്ച്‌ യുവതിയും അമ്മ ലതയും പരാതി നൽകുകയായിരുന്നു. ഒന്നര വർഷം മുൻപ് റോഡപകടത്തെ തുടർന്ന് യുവതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി നാട്ടുകാർ പറയുന്നു.    സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന്  ആശുപത്രി സൂപ്രണ്ട്‌ ഡോ. അജിത്‌ കുമാറിന്റെ നേതൃത്വത്തിൽ എക്‌സ്‌റേ റൂം പരിശോധിച്ച്‌ ജീവനക്കാരോട് വിശദീകരണം ചോദിച്ചു. ആളിനെ നിർത്തി പരിശോധിച്ചപ്പോൾ മെഷീനിന്റെ ഫ്രെയിം ഇളകി വീണാൽ തന്നെ ഗുരുതരമായി പരിക്കേൽക്കാൻ സാധ്യത ഇല്ലെന്നാണ് ബോധ്യമായതെന്ന്‌ അദ്ദേഹം പറഞ്ഞു. ഏതു വിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. നടപടിയെടുക്കാൻ 
നിർദേശം  തിരുവനന്തപുരം  തൊണ്ടയിൽ മുള്ള് കുടുങ്ങി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയ വിദ്യാർഥിനിയുടെ നടുവ് എക്‌സ്‌റേ മെഷീൻ തട്ടി ഒടിഞ്ഞെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.  ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. Read on deshabhimani.com

Related News