കഠിനംകുളത്ത്‌ കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു

കഠിനംകുളം പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസറെ സിഡിഎസ് അംഗങ്ങളുടെ നേതൃത്വത്തിൽ ഉപരോധിച്ചപ്പോൾ


കഠിനംകുളം കഠിനംകുളം പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്സന്റെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും വൻ പ്രതിഷേധം. ആശ്രയ കിറ്റിൽ വൻ അഴിമതി നടത്തിയെന്നും വരവ്ചെലവ് കണക്കുകൾ കൃത്യമായി അവതരിപ്പിക്കുന്നില്ലെന്നും ആരോപിച്ച്‌ ഇടതുപക്ഷ ജനപ്രതിനിധികളും സിഡിഎസ് അംഗങ്ങളും കുടുംബശ്രീ ഓഫീസ് ഉപരോധിച്ചു. 500 രൂപ, 750 രൂപ, 900 രൂപ എന്നിവയ്‌ക്കുള്ള കിറ്റുകളിൽ മതിയായ സാധനങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.  വരവ്ചെലവ് കണക്കുകൾ അവതരിപ്പിക്കാനായി വ്യാഴാഴ്ച വിളിച്ച യോഗം കുടുംബശ്രീ ഓഫീസിൽ മതിയായ കാരണം ഇല്ലാതെ മാറ്റി വച്ചിരുന്നു. വൻ അഴിമതി നടക്കുന്ന കുടുംബശ്രീ ഓഫീസിൽ ഭരണപക്ഷ ജനപ്രതിനിധികൾ നേരിട്ടെത്തി ഉപരോധിക്കുകയായിരുന്നു.  കഠിനംകുളം പഞ്ചായത്തിലെ കുടുംബശ്രീ ചാർജ് ഓഫീസർ സനൽകുമാറിനെ തടഞ്ഞ് വച്ചു. ജില്ലാപഞ്ചായത്തംഗം ഉനൈസ അൻസാരി, കഠിനംകുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ആശമോൾ, സിഡിഎസ് പ്രവർത്തകരായ മഞ്ജുഷ തുളസീധരൻ, സ്മിത, സൂസി ഗലിസ്റ്റൻ തുടങ്ങിയവർ നേതൃത്വം നൽകി.  കഠിനംകുളം പൊലീസിന്റെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷീലാ ഗ്രിഗോറിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഓഫീസ് പൂട്ടി. Read on deshabhimani.com

Related News