പൗഡിക്കോണത്തെ തെരഞ്ഞെടുപ്പുഫലം ചോദ്യം ചെയ്ത് ഹർജി



വഞ്ചിയൂർ നഗരസഭയിലെ പൗഡിക്കോണം വാർഡിൽനിന്ന്‌ ജയിച്ച ബിജെപി സ്ഥാനാർഥി അർച്ചന മണികണ്ഠന്റെ തെരഞ്ഞെടുപ്പുഫലം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി എസ് രാജി തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകി.  ജാതിയും മതവും പറഞ്ഞ്‌ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും എൽഡിഎഫ് സ്ഥാനാർഥിയായ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണം സംഘടിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹർജി. ശബരിമലയുടെ ആചാരം സംരക്ഷിക്കാനും  ആചാരസംരക്ഷണ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്നും പറഞ്ഞാണ്‌‌ വോട്ട്‌ പിടിച്ചത്‌. നഗരസഭയിൽ എൽഡിഎഫ് ഭരണസമിതി വീണ്ടും അധികാരത്തിൽ വന്നാൽ അത് ഹിന്ദു മതാചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മരണമായിരിക്കുമെന്നും പ്രചരിപ്പിച്ചു.   ഓരോ വോട്ടറും അയ്യപ്പസ്വാമിയുടെ ഭക്തരാകുക, ആചാരം ലംഘിക്കുന്നവർക്കെതിരെ പ്രതികരിക്കുക തുടങ്ങിയ ആഹ്വാനങ്ങളും തെരഞ്ഞെടുപ്പുദിവസം ഇവർ നടത്തി. ഇങ്ങനെ വർഗീയ പ്രചാരണം നടത്തി വോട്ട് നേടാൻ ശ്രമിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി ഫയലിൽ സ്വീകരിച്ച്‌ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും തീരുമാനിച്ചു. അഡ്വക്കറ്റ് പരിണയം ദേവകുമാറാണ് രാജിയുടെ അഭിഭാഷകൻ. Read on deshabhimani.com

Related News